ഏഴ് മീറ്ററോളം ഉയരമുള്ള തിരമാലകൾക്കിടയിലൂടെ അതീവ പ്രക്ഷുബ്ധമായ കടലിലൂടെയാണ് രക്ഷാപ്രവർത്തനം

ലാംപെഡൂസ: മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമത്തിനിടെ കണ്ടെത്തിയ റബ്ബർ ബോട്ടിൽ 19 മൃതദേഹങ്ങൾ. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തിയ റബ്ബർ ബോട്ടിൽ നിന്നാണ് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് 19 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നടന്ന രക്ഷാപ്രവർത്തനത്തിൽ അഞ്ച് കുട്ടികളടക്കം 58 പേരെ ജീവനോടെ രക്ഷപ്പെടുത്തി ലാംപെഡൂസയിൽ എത്തിച്ചിട്ടുണ്ട്. ലാംപെഡൂസയിൽ നിന്ന് ഏകദേശം 85 മൈൽ അകലെ ലിബിയൻ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഒരു ഇറ്റാലിയൻ നിരീക്ഷണ വിമാനം ഈ ബോട്ട് കണ്ടെത്തിയെങ്കിലും പ്രദേശത്ത് സഹായത്തിന് മറ്റ് കപ്പലുകൾ ഇല്ലാത്തതിനെത്തുടർന്ന് ലാംപെഡൂസയിൽ നിന്ന് കോസ്റ്റ് ഗാർഡ് കപ്പൽ അയക്കുകയായിരുന്നു. 

ഏഴ് മീറ്ററോളം ഉയരമുള്ള തിരമാലകൾക്കിടയിലൂടെ അതീവ പ്രക്ഷുബ്ധമായ കടലിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെട്ടവരിൽ ഏഴ് പേരെ ശരീരതാപനില അപകടകരമായി കുറയുന്ന അവസ്ഥയായ ഹൈപ്പോതെർമിയ, ഇന്ധന പുക ശ്വസിച്ചതിനെത്തുടർന്നുള്ള അസ്വസ്ഥതകൾ എന്നിവ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഈ വർഷം ഇതുവരെ 624 പേർ മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള അപകടകരമായ യാത്രയ്ക്കിടെ കാണാതാകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. 

ഇതിനോടകം ആറായിരത്തിലധികം അഭയാർത്ഥികളാണ് ഈ വർഷം ഇറ്റലിയിൽ എത്തിയത്. വടക്കൻ ആഫ്രിക്കയിൽ നിന്ന് മെഡിറ്ററേനിയൻ കടക്കുന്നവർ പതിവായി എത്തുന്ന സ്ഥലമാണ് ലാംപെഡൂസ. അപകടകരമായ കടൽമാർഗമാണ് ഇത്. കഴിഞ്ഞ ഓഗസ്റ്റിൽ 27 പേർ കപ്പൽ തകർന്ന് മരിച്ചിരുന്നു. ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഈ വർഷം മാത്രം 6117 അഭയാർത്ഥികളാണ് ഇറ്റലിയിലെത്തിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം