പ്രഭവ കേന്ദ്രത്തിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ വരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജക്കാർത്ത: ഇന്തോനേഷ്യയിൽ വലിയ ഭൂചലനം. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടെർണേറ്റ് നഗരത്തിന് 127 കിലോമീറ്റർ അകലെ കടലിൽ 35 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രഭവ കേന്ദ്രത്തിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ വരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 280 ദശലക്ഷം ആളുകളാണ് ഇന്തോനേഷ്യൻ ദ്വീപ് സമൂഹങ്ങളിൽ താമസിക്കുന്നത്. ഇന്തോനേഷ്യൻ തീരങ്ങളിൽ തിരമാലകൾ 3.2 അടി ഏകദേശം ഒരു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഗുവാം, ജപ്പാൻ, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ്, തായ്വാൻ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നോർത്ത് സുലവേസി പ്രവിശ്യയിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി. നിലവിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും കടൽനിരപ്പിൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു. ആദ്യം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 7.4 ആയി പുതുക്കുകയായിരുന്നു. ഇന്തോനേഷ്യ 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇത്തരം പ്രകൃതിക്ഷോഭങ്ങൾ അവിടെ പതിവാകുന്നത്.

2022ൽ പടിഞ്ഞാറൻ ജാവയിലെ സിയാൻജൂർ നഗരത്തിലുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കുറഞ്ഞത് 602 പേർ കൊല്ലപ്പെട്ടിരുന്നു. 2018ൽ സുലവേസിയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി 4300ലധികം പേർ മരിച്ചതിന് ശേഷം ഇന്തോനേഷ്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.2004ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി തിരമാലകളിൽപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങളിലായി 230000ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗം മരണങ്ങളും ഇന്തോനേഷ്യയിലെ അക്കെ പ്രവിശ്യയിലായിരുന്നു സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം