ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം സി.എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ടെൽ അവീവ്: ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നടപടികൾ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര മാധ്യമമായ സി.എൻ.ബി.സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നെതന്യാഹു ഇസ്രായേലിന്റെ ഭാവി നിലപാട് വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർച്ചയായ വ്യോമാക്രമണങ്ങളിലൂടെയും മറ്റ് സുരക്ഷാ നടപടികളിലൂടെയും ഇറാന്റെ ഭരണകൂടത്തെയും സൈനിക ശേഷിയെയും വലിയ തോതിൽ തളർത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി താൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. തന്ത്രപരമായ ചില സുപ്രധാന വിഷയങ്ങളിൽ അമേരിക്കയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ചർച്ചകളിലൂടെ ഒന്നിച്ച് അതിനെല്ലാം കൃത്യമായ പരിഹാരം കണ്ടെത്താൻ സാധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ട് ബോംബെറിഞ്ഞ് തകർക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണിക്കെതിരെ ട്രംപ് ഫോൺ കോളിലൂടെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഈ വിശദീകരണം.

ഇറാൻ-ഇസ്രായേൽ സംഘർഷം വരും ദിവസങ്ങളിലും കടുക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന നൽകുന്നത്. അമേരിക്കയുടെ പിന്തുണയോടെയുള്ള ഇസ്രായേലിന്റെ അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന ഉത്കണ്ഠയിലാണ് ഇപ്പോൾ അന്താരാഷ്ട്ര സമൂഹം.