ലാഹോര്‍: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് മാറ്റി. പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മർദവും  നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്നാണ് പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീർ എന്നാണ്  ജെയ്‌ഷെ മുഹമ്മദിന്‍റെ പുതിയ പേര്. രഹസ്യാന്വേഷണ ഏജൻസിയാണ് പേരുമാറ്റം കണ്ടെത്തിയത്. 

ജെയ്‌ഷെ മുഹമ്മദ് തലവന്‍  മസൂദ് അസറിന്‍റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു. കാശ്മീരിലെ പുൽവാമയിൽ നടന്ന തീവ്രവാദി ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് എറ്റെടുത്തിരുന്നു. പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീര മൃത്യു വരിച്ചത്.. ഇതോടെ മസൂദ് അസ്ഹറിനെതിരായ നീക്കത്തിന് ഇന്ത്യയും സമ്മര്‍ദ്ദം ചെലുത്തി.

Read Also: നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് നേട്ടം ; ചൈന എതിർപ്പ് പിൻവലിച്ചു ; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ഐക്യരാഷ്ട്ര സഭയില്‍ ഫ്രാന്‍സ് ജെയ്ഷെ മുഹമ്മദിനെതിരായി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നായിരുന്നു ഫ്രാന്‍സിന്‍റെ നിലപാട്. ഐക്യരാഷ്ട്രസഭയില്‍ രണ്ടാം തവണയാണ് ഫ്രാന്‍സ് മസൂദിനെതിരായ നീക്കത്തില്‍ രംഗത്ത് വന്നത്. എന്നാല്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന രംഗത്ത് വന്നു. യുഎൻ സുരക്ഷാ സമിതിയിലെ ചൈനയുടെ നിലപാട് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തെ നാലാം തവണയാണ് യുഎൻ സുരക്ഷാ സമിതിയിൽ ചൈന എതിര്‍ത്തത്. ചൈനയുടെ ഈ നിലപാടിനെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു, മുന്നറിയിപ്പും നല്‍കി.

Read Also: ഇന്ത്യക്ക് തിരിച്ചടി: മസൂദ് അസറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു

കഴിഞ്ഞ ദിവസം ഹ്യൂസ്റ്റണിൽ അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ ജമ്മുകശ്മീർ പരാർമശിച്ച് മോദി പാകിസ്ഥാന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. വേ‌‍ൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണം ഓർമ്മിപ്പിച്ച് ഇമ്രാൻ ഖാന്‍റെ നീക്കം വിശ്വസിക്കരുതെന്ന മുന്നറിയിപ്പ്  മോദി അമേരിക്കയ്ക്ക് നല്‍കി. ഇതിന് പിന്നാലെ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും അതിർത്തി സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് ട്രംപും വേദിയില്‍ വ്യക്തമാക്കി.

ഒരേ വേദിയില്‍  പാക്കിസ്ഥാനെതിരെ ഇന്ത്യയും അമേരിക്കയും സ്വീകരിച്ച് നിലപാട് ഏറെ പ്രധാനമാണ്. ലോകരാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ പാകിസ്ഥാന്‍റെ ഭീകരപ്രവര്‍ത്തന നിലപാടുകള്‍ക്കെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ജെയ്‌ഷെ മുഹമ്മദിന്റെ പേരുമാറ്റം എന്നത് ശ്രദ്ധേയമാണ്.