പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പാക് സൈനിക വക്താവ് വിശദമാക്കിയത്. ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത് 

ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പാക് സൈനിക വക്താവ് വിശദമാക്കിയത്. ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 

ഇരു രാജ്യങ്ങള്‍ക്കിടയിലെ സാഹചര്യങ്ങള്‍ വഷളാവുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍ മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍. അതിര്‍ത്തിയിലെ സാഹചര്യം പതിവുള്ളതാണെന്നും അസിഫ് ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ സാമൂഹ്യ ധ്യമങ്ങളും ചില ദേശീയ മാധ്യമങ്ങളും വ്യാപകമായി മസൂദ് അസർ മരിച്ചെന്ന് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സാഹചര്യത്തില്‍ വൃക്കയ്ക്ക് രോഗം ബാധിച്ച മസൂദ് അസർ തീരെ അവശനിലയിലാണെന്നും എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു.

പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ ജീവന്‍ പൊലിഞ്ഞ ഭീകരാക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി ഷാ മുഹമ്മദ് ഖുറേഷി നേരത്തെയെത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നത്.