വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും വാർത്താസമ്മേളനം വിളിച്ച് പ്രസ്താവന പിൻവലിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടിസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്. ഈ പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.
എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും
യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന സിപിഎം നേതാവ് എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും. വര്‍ഗീയ വിഭജനത്തിനാണ് സിപിഎം നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നാണ് ജമാഅത്തെ ഇസ്ലാമി അമീറിന്‍റെ പ്രതികരണം. ആഭ്യന്തരം ജമാ അത്തെ ഇസ്ലാമി ഭരിച്ചാൽ പല മാറാടുകളുണ്ടാവുമെന്നാണ് ബാലന്‍റെ പരാമര്‍ശം.ബാലന്‍റെ പ്രസ്താവന സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ബാലൻ കേരളത്തോട് മാപ്പു പറയണമെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ പി അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.


