ജപ്പാന്റെ പ്രധാന റോക്കറ്റായ H-2A തന്റെ അവസാന ദൗത്യം വിജയകരമായി പൂർത്തിയാക്കി, 

ടാനെഗാഷിമ: ജപ്പാന്റെ പ്രധാന റോക്കറ്റായ H-2A തന്റെ അവസാന ദൗത്യം വിജയകരമായി പൂർത്തിയാക്കി. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തെയും വഹിച്ച് ഞായറാഴ്ചയാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. ആഗോള ബഹിരാകാശ വിപണിയിൽ കൂടുതൽ മത്സരക്ഷമത ലക്ഷ്യമിട്ട് നിർമ്മിച്ച പുതിയ എച്ച3 റോക്കറ്റിന് വഴിമാറിക്കൊടുത്താണ് എച്ച്2എയുടെ പിന്മാറ്റം.

തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ടാനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് എച്ച്-2എ റോക്കറ്റ് ഗോസാറ്റ്-ജിഡബ്ല്യൂ (GOSAT-GW) ഉപഗ്രഹവുമായി കുതിച്ചുയർന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കാനുള്ള ടോക്കിയോയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. വിക്ഷേപണത്തിന് 16 മിനിറ്റിന് ശേഷം ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തിൽ പ്രവേശിച്ചു. റോക്കറ്റിൻ്റെ വൈദ്യുത സംവിധാനങ്ങളിലുണ്ടായ തകരാറുകൾ കാരണം വിക്ഷേപണം പലതവണ വൈകിയിരുന്നു.

ഞായറാഴ്ച നടന്ന വിക്ഷേപണം എച്ച്-2എ റോക്കറ്റിൻ്റെ 50-ാമത്തെയും അവസാനത്തെയും ദൗത്യമായിരുന്നു. 2001-ൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഉപഗ്രഹങ്ങളെയും പേടകങ്ങളെയും ബഹിരാകാശത്തേക്ക് എത്തിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോക്കറ്റാണിത്. ഒരൊറ്റ പരാജയം മാത്രമാണ് 2003-ൽ രേഖപ്പെടുത്തിയത്. 2007 മുതൽ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസാണ് ഇതിൻ്റെ വിക്ഷേപണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

കഴിഞ്ഞ വർഷം ജപ്പാൻ്റെ ചാന്ദ്ര ദൗത്യമായ സ്ലിം ലാൻഡർ, 2014-ൽ ദൂരെയുള്ള ഛിന്നഗ്രഹത്തിലേക്ക് അയച്ച ഹയാബൂസ2 ബഹിരാകാശ പേടകം എന്നിവയുൾപ്പെടെ നിരവധി ഉപഗ്രഹങ്ങളെയും പേടകങ്ങളെയും H-2A വിജയകരമായി ബഹിരാകാശത്ത് എത്തിച്ച് രാജ്യത്തിന്റെ ബഹിരാകാശ പരിപാടികൾക്ക് വലിയ സംഭാവനകൾ നൽകി.

പുതിയ യുഗത്തിലേക്ക് എച്ച്3 റോക്കറ്റ്:

H-2A റോക്കറ്റിൻ്റെ പിൻഗാമിയായി എച്ച്3 റോക്കറ്റ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിനകം നാല് വിജയകരമായ വിക്ഷേപണങ്ങൾ പൂർത്തിയാക്കിയ H3, 2023-ലെ ആദ്യ പരാജയത്തിന് ശേഷം ശക്തമായി തിരിച്ചുവരവ് നടത്തി. എച്ച്2എയിനെക്കാൾ വലിയ പേലോഡുകൾ വഹിക്കാനും വിക്ഷേപണ ചിലവ് പകുതിയായി കുറയ്ക്കാനും എച്ച്3 രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ, ഇത് ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗോസാറ്റ്- ജിഡബ്ല്യൂ ഉപഗ്രഹം:

'GOSAT-GW' അഥവാ ഗ്ലോബൽ ഒബ്സർവിംഗ് സാറ്റലൈറ്റ് ഫോർ ഗ്രീൻഹൗസ് ഗ്യാസസ് ആൻഡ് വാട്ടർ സൈക്കിൾ എന്നത് അന്തരീക്ഷത്തിലെ കാർബൺ, മീഥേൻ, മറ്റ് ഹരിതഗൃഹ വാതകങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള ദൗത്യത്തിലെ മൂന്നാം ഘട്ട ഉപഗ്രഹമാണ്. ഒരു വർഷത്തിനുള്ളിൽ, സമുദ്രോപരിതല താപനിലയും മഴയുടെ അളവും പോലുള്ള വിവരങ്ങൾ യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഉയർന്ന റെസല്യൂഷനിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും.