മിയാമി ബീച്ചിൽ പലസ്തീനികളെന്ന് കരുതി നിറയൊഴിച്ച് ജൂത വംശജൻ, വെടിയേറ്റത് ഇസ്രയേലുകാരായ ടൂറിസ്റ്റുകൾക്ക്
ഇസ്രയേൽ പൌരന്മാരായ അച്ഛനും മകനുമാണ് പരിക്കേറ്റത്.

മിയാമി: പലസ്തീനികളാണെന്ന് തെറ്റിദ്ധരിച്ച് ജൂത വംശജൻ രണ്ട് പേർക്ക് നേരെ വെടിയുതിർത്തു. എന്നാൽ ഇവർ ഇസ്രയേൽ സ്വദേശികളായ ടൂറിസ്റ്റുകളാണെന്ന് പിന്നീട് വ്യക്തമായി. കൊലപാതക ശ്രമത്തിന് യുവാവിനെതിരെ കേസെടുത്തു. അമേരിക്കയിലെ മിയാമി ബീച്ചിലാണ് സംഭവം നടന്നത്.
മൊർദെചായി ബ്രഫ്മാൻ എന്ന 27കാരൻ ട്രക്കിൽ നിന്ന് ഇറങ്ങി സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ബ്രഫ്മാൻ 17 തവണ വെടിയുതിർക്കുകയും ഒരു വെടിയുണ്ട വാഹനത്തിലുണ്ടായിരുന്ന ഒരാളുടെ ഇടത് തോളിൽ തറയ്ക്കുകയും ചെയ്തു. മറ്റൊരെണ്ണം രണ്ടാമത്തെയാളുടെ ഇടത് കൈത്തണ്ടയിലും തറച്ചു. താൻ ട്രക്ക് ഓടിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പലസ്തീനികളെ കണ്ടെന്നും ഉടൻ അവർക്കു നേരെ വെടിയുതിർത്തെന്നുമാണ് 27കാരൻ പൊലീസിനോട് പറഞ്ഞത്.
മിയാമി സന്ദർശിക്കാൻ ഇസ്രയേലിൽ നിന്നെത്തിയ അച്ഛനും മകനുമാണ് വെടിയേറ്റത്. ഇവർ ചികിത്സയിലാണ്. ട്രക്കിലെത്തിയ ആൾ പെട്ടെന്ന് തങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. മിയാമിയിലെ ജാക്‌സൺ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.
അക്രമിയും ആക്രമിക്കപ്പെട്ടവരും തമ്മിൽ മുൻപരിചയമില്ലെന്ന് പൊലീസ് പറഞ്ഞു. അച്ഛനും മകനും സഞ്ചരിച്ച കാറിൽ വെടിയുണ്ടകൾ തുളച്ചു കയറിയ പാടുകളുണ്ട്. വെടിയുതിർത്ത 27കാരനെ മിയാമിയിലെ കറക്ഷൻ സെന്‍ററിലേക്ക് മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
