വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയുമായി പ്രതിരോധ സഹകരണം തുടരുമെന്ന് നിയുക്ത അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും പ്രതികരിച്ചു. പൊതു താല്പര്യമുള്ള വിഷയങ്ങളിലും ഇന്ത്യ യു എസ് സൈനിക സഹകരണം തുടരും.

ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് നിയുക്ത സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാൻ ഏറെ വഴികളുണ്ട്. ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊർജ, സാങ്കേതിക വിദ്യ വിഷയങ്ങളിൽ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്നും ആന്റണി ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിൽ ജോ ബൈഡൻ കാലത്തിന് തുടക്കമാകുമ്പോൾ വിദേശനയം എന്താകും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു ദില്ലി. ബൈഡനുമായി നല്ല ബന്ധം ഉറപ്പിക്കാനുള്ള നീക്കം നരേന്ദ്ര മോദി സർക്കാർ തുടങ്ങി കഴിഞ്ഞു. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറില്ലെങ്കിലും ജമ്മുകശ്മീർ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്ത നിലപാട് ബൈഡൻ സ്വീകരിച്ചേക്കാം. വാഷിംഗ്ടണിലെ അക്രമത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ച് നരേന്ദ്ര മോദി ഇന്ത്യയുടെ നയം മാറ്റത്തിൻ്റെ സൂചന നല്കിയിരുന്നു.

ട്രംപും മോദിയുമായുള്ള നല്ല ബന്ധം ഇനി ചരിത്രമാണ്. പുതിയ ഭരണകൂടവുമായി നല്ല ബന്ധമുണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ സർക്കാരിനെ കാത്തിക്കുന്നത്. ജോ ബൈഡനുമായി മോദി സംസാരിച്ചു. കമല ഹാരിസിന് അഭിനന്ദനം അറിയിച്ചു. ഇതുവരെയുള്ള നയങ്ങളിലും ബൈഡൻ ഇന്ത്യയോട് തെറ്റുമെന്ന സൂചന നല്കിയിട്ടില്ല. ബരാക്ക് ഒബാമ പ്രസിഡൻറായിരുന്നപ്പോൾ രണ്ടായിരത്തി പതിമൂന്നിൽ ഇന്ത്യയിലെത്തിയ ബൈഡന് രണ്ട് രാജ്യങ്ങൾക്കുമിടയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലുണ്ടാക്കിയ ബന്ധം നന്നായി അറിയാം

ഒസാമ ബിൻ ലാദനെ അബോട്ടാബാദിലെത്തി അമേരിക്ക വധിക്കുമ്പോൾ വൈസ് പ്രസിഡൻ്റായിരുന്നു ബൈഡൻ. അതിനാൽ ഭീകരവാദത്തിനുള്ള പാക് പിന്തുണയെക്കുറിച്ച് ബൈഡനോട് ആരും പറയേണ്ടതില്ല. എന്നാൽ താലിബാനുമായുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാനോട് കടുത്ത നയം പ്രതീക്ഷിക്കേണ്ടതില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ നിലപാടിൽ അമേരിക്കയെ കൂടെ നിറുത്താനാവും മോദിയുടെ ശ്രമം. ചൈനയ്ക്കെതിരെ സഖ്യകക്ഷികളെ എല്ലാം കൂടെ നിറുത്തി നയം രൂപീകരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിൻ്റെ വ്യക്തിപരായ നിലപാടിനെക്കാൾ ബൈഡൻ്റെ ഈ പൊതുനയം ഗുണം ചെയ്യും എന്ന് വിദേശകാര്യമന്ത്രാലയം കരുതുന്നു.

എച്ച് വൺ ബി വിസയുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ നിലപാട് ബൈഡൻ സ്വീകരിക്കുമെന്നും ദില്ലി പ്രതീക്ഷിക്കുന്നു. ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിലുൾപ്പടെ കാര്യമായ ഇടപെടൽ നടത്താതെ ഡോണൾഡ് ട്രംപ് മാറി നിന്നിരുന്നു. എന്നാൽ ജോ ബൈഡൻ ഭരണകൂടം ഇതേ മൗനം തുടരണമെന്നില്ല. റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ ആയുധ ഇടപാടുകൾക്ക് പ്രത്യേക ഇളവു നല്കാൻ ഇനി അമേരിക്ക തയ്യാറാകുമോ എന്ന ആശങ്കയും സൗത്ത് ബ്ളോക്കിൽ പ്രകടമാണ്. ഒരിന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡൻറായ ആദ്യ ഭരണകൂടം വരുമ്പോഴും നയം എന്തെന്നറിയാൻ കാത്തിരിക്കുകയാണ് ദില്ലി. ഹൗഡി മോദി, നമസ്തെ ട്രംപ് പോലുള്ള നാടകീയ ആഘോഷങ്ങൾക്കുള്ള സാധ്യത എന്നാൽ വിരളമാണ്.