ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ മുന്നേറുന്നു.  അരിസോണ, നെവാഡ, ജോർജിയ എന്നിവടങ്ങളില്‍ ജോ ബൈഡനാണ് ലീഡ് ചെയ്യുന്നത്. പെന്‍സില്‍വേനിയയില്‍ ബൈഡന്‍ ജയിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്. പെൻസിൽവാനിയയിൽ ട്രംപിന് ലീഡ് വെറും 18,229 ആയി കുറഞ്ഞു. ജോര്‍ജിയയില്‍ ട്രംപ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. 

ആദ്യ ദിവസം കനത്ത ലീഡ് നേടിയ ട്രംപ് പിന്നോക്കം പോകുന്നതാണ് മറ്റു സംസ്ഥാനങ്ങളിലെ കാഴ്ച. റിപ്പബ്ളിക് പാർട്ടി അനുഭാവികൾ നേരിട്ട് ബൂത്തിലെത്തി വോട്ടുകൾ ചെയ്തപ്പോൾ ഡെമോക്രാറ്റ് അനുഭാവികൾ തപാൽ വോട്ടുകളാണ് കൂടുതലായി ചെയ്തത് എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്ന സവിശേഷത. ബൂത്തിലെ വോട്ടുകളെണ്ണി തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ചിത്രം മാറി മറിയാൻ കാരണവും ഇതാണ്. 

ആദ്യദിനം മുന്നിൽ നിന്ന പെൻസിൽവാനിയയിലും ജോർജിയയിലും വോട്ടെണ്ണൽ പുരോഗമിക്കും ട്രംപിന്‍റെ ഭൂരിപക്ഷം ഇടിയുകയാണ്. ഇന്നലെ 6.75 ലക്ഷം വോട്ടിന് മുന്നിൽ നിന്ന പെൻസിൽവാനിയയിൽ ട്രംപിന്‍റെ ലീഡ് 18,229 ആയി കുറഞ്ഞു. ജോർജിയ, നെവാഡ സംസ്ഥാനങ്ങളിൽ ഇന്നലെ തന്നെ ഫലം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്. തപാൽ വോട്ടുകൾ പിന്നെയും വരുന്നുണ്ടെന്നും ഇന്ന് തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും എന്ന് അവിടുത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവിൽ മുന്നിൽ നിൽക്കുന്ന അരിസോണയ്ക്കൊപ്പം ജോർജിയയോ നെവാഡയോ ജയിച്ചാൽ ബൈഡന് വിജയം ഉറപ്പിക്കും. 

11 ഇലക്ടറൽ വോട്ടുകൾ ഉള്ള അരിസോണ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അവിടെ ആദ്യം മുതൽ ബൈഡനാണ് ലീഡ് ചെയ്തത്. റിപ്പബ്ളിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബൈഡൻ്റെ ലീഡ് കുത്തനെ കുറയുകയും ഒരു ഘട്ടത്തിൽ 7000 വരെ താഴുകയും ചെയ്തെങ്കിലും ഇവിടെ ബൈഡൻ ജയിക്കും എന്നാണ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്ളിക്കൻ പാർട്ടിയോട് ചായ്വ് കാണിക്കുന്ന ഫോക്സ് ന്യൂസും ബൈഡൻ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.