Asianet News MalayalamAsianet News Malayalam

വിജയത്തിലേക്ക് ചുവടുവച്ച് ബൈഡൻ, വോട്ടെണ്ണൽ നിർത്താൻ ആവശ്യപ്പെട്ടുള്ള ട്രംപിൻ്റെ ഹർജികൾ കോടതി തള്ളി

99 ശതമാനം വോട്ടും എണ്ണി തീർന്നപ്പോൾ ജോർജിയയിൽ വെറും രണ്ടായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിനുള്ളത്. 

joe biden slowly wining the race for us presidentship
Author
New York, First Published Nov 6, 2020, 12:11 PM IST

ന്യൂയോ‍ർക്ക്: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ ഇപ്പോഴും തുടരുന്നത്. എന്നാൽ നെവാഡയിൽ വിജയിച്ചാൽ ബൈഡന് മാന്ത്രിക സംഖ്യയായ 270-ൽ എത്താം എന്നതിനാൽ ലോകത്തിൻ്റെ ശ്രദ്ധ ഇപ്പോൾ നെവാഡയിലാണ്. വോട്ടെണ്ണൽ കൂടുതൽ പുരോഗമിക്കും തോറും ബൈഡന് അനുകൂലമായി കണക്കുകൾ മാറുകയാണ്. പരാജയസാധ്യത സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ കൃതിമം നടന്നെന്ന ആരോപണം ഡൊണാൾഡ് ട്രംപ് ആവർത്തിക്കുന്നുണ്ട്. 

അരിസോണ, പെൻസിൽവാനിയ,നെവാഡ,ജോർജിയ, നോർത്ത് കരോലീന എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഫ്ലോറിഡയിൽ 99 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 51.2 ശതമാനം വോട്ടുകൾ നേടി ട്രംപ് വിജയം ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ബൈഡന് 47.9 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ മറ്റു അഞ്ച് സംസ്ഥാനങ്ങളിലും ഫലം എങ്ങോട്ടും മാറി മറിയാം എന്ന അവസ്ഥയിലാണ്. ആദ്യ ദിവസം കനത്ത ലീഡ് നേടിയ ട്രംപ് പിന്നോക്കം പോകുന്നതാണ് മറ്റു സംസ്ഥാനങ്ങളിലെ കാഴ്ച. 

റിപ്പബ്ളിക് പാർട്ടി അനുഭാവികൾ നേരിട്ട് ബൂത്തിലെത്തി വോട്ടുകൾ ചെയ്തപ്പോൾ ഡെമോക്രാറ്റ് അനുഭാവികൾ തപാൽ വോട്ടുകളാണ് കൂടുതലായി ചെയ്തത് എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്ന സവിശേഷത. ബൂത്തിലെ വോട്ടുകളെണ്ണി തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ചിത്രം മാറി മറിയാൻ കാരണവും ഇതാണ്. 

ആദ്യദിനം മുന്നിൽ നിന്ന പെൻസിൽവാനിയയിലും ജോർജിയയിലും വോട്ടെണ്ണൽ പുരോഗമിക്കും ട്രംപിൻ്റെ ഭൂരിപക്ഷം ഇടിയുകയാണ്. ഇന്നലെ 6.75 ലക്ഷം വോട്ടിന് മുന്നിൽ നിന്ന പെൻസിൽവാനിയയിൽ ട്രംപിൻ്റെ ലീഡ് നിലവിൽ 23000 മാത്രമായി കുത്തനെ ഇടിഞ്ഞു. ഇനിയും ഏഴ് ലക്ഷത്തോളം വോട്ടുകൾ പെൻസിൽവാനിയയിൽ എണ്ണാൻ ബാക്കിയാണ്. 99 ശതമാനം വോട്ടെണ്ണിയ ജോ‍ർജിയയിൽ ട്രംപ് രണ്ടായിരം വോട്ടുകൾക്ക് മാത്രമാണ് ലീഡ് ചെയ്യുന്നത്. 

ജോർജിയ, നെവാഡ സംസ്ഥാനങ്ങളിൽ ഇന്നലെ തന്നെ ഫലം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിച്ചത്. തപാൽ വോട്ടുകൾ പിന്നെയും വരുന്നുണ്ടെന്നും ഇന്ന് തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും എന്ന് അവിടുത്തെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിലവിൽ മുന്നിൽ നിൽക്കുന്ന അരിസോണയ്ക്കൊപ്പം ജോർജിയയോ നെവാഡയോ ജയിച്ചാൽ ബൈഡന് വിജയം ഉറപ്പിക്കും. 

11 ഇലക്ടറൽ വോട്ടുകൾ ഉള്ള അരിസോണ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും അവിടെ ആദ്യം മുതൽ ബൈഡനാണ് ലീഡ് ചെയ്തത്. റിപ്പബ്ളിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബൈഡൻ്റെ ലീഡ് കുത്തനെ കുറയുകയും ഒരു ഘട്ടത്തിൽ 7000 വരെ താഴുകയും ചെയ്തെങ്കിലും ഇവിടെ ബൈഡൻ ജയിക്കും എന്നാണ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്ളിക്കൻ പാർട്ടിയോട് ചായ്വ് കാണിക്കുന്ന ഫോക്സ് ന്യൂസും ബൈഡൻ ജയിക്കും എന്നാണ് പ്രവചിക്കുന്നത്. 

13-ാം തീയതി വരെ തപാൽ വോട്ടുകൾ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾ അമേരിക്കയിലുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും പല സംസ്ഥാനങ്ങളിലേക്കും ഇപ്പോഴും ബാലറ്റുകൾ എത്തി കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ നവംബർ 13 വരെ വോട്ടെണ്ണൽ തുടരാനാണ് സാധ്യത. എന്നാൽ 270 ഇലക്ടറൽ വോട്ടുകൾ അതിനോടകം നേടുന്നയാൾ പക്ഷേ വിജയിയാകും. 

അതേസമയം പരാജയം മുൻകൂട്ടി കണ്ടതോടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്താനുള്ള ശ്രമത്തിലാണ് ട്രംപ് ക്യാംപ്. എന്നാൽ വോട്ടെടുപ്പിനെ ചോദ്യം ചെയ്ത് ജോ‍ർജിയയിലും മിഷി​ഗണിലും ട്രംപ് ക്യാംപ് നൽകിയ ഹ‍ർജികൾ അവിടുത്തെ കോടതികൾ തള്ളിയത് അവ‍ർക്ക് തിരിച്ചടിയാണ്. കണക്കിൽപ്പെടാത്ത 53 ബാലറ്റ് പെട്ടികളിലെ ബോട്ടുകൾ നിയമവിരുദ്ധമായി എണ്ണിയെന്ന് ആരോപിച്ചാണ് ജോ‍ർജിയയിലെ സൂപ്പിരിയ‍ർ കോടതിയിൽ ട്രംപ് ക്യാംപ് കേസിന് പോയത്. എന്നാൽ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഹ‍ർജികളും കോടതികൾ തള്ളി. 

അസോസിയേറ്റഡ് പ്രസിൻ്റെ കണക്കുകൾ 

ജോർജിയ - 16 ഇലക്ടറൽ വോട്ടുകൾ - 99 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞു

ബൈഡൻ - 49.4% - 24,45,568  
ട്രംപ് -      49.4% - 24,47,343

നെവാഡ - 16 ഇലക്ടറൽ വോട്ടുകൾ - 84 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞു
ബൈഡൻ -     49.4% - 6,04,251
ട്രംപ് -        48.5% - 5,92,813

പെൻസിൽവാനിയ-  20 ഇലക്ടറൽ വോട്ടുകൾ - 95 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞു
ബൈഡൻ - 49.3% - 32,62,850
ട്രംപ് - 49.6% - 32,85,239

അരിസോണ - 11 ഇലക്ടറൽ വോട്ടുകൾ - 90 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞു
ബൈഡൻ - 50.1% - 15,28,319
ട്രംപ് - 48.5 - 14,82,062

നിലവിൽ ബൈഡന് 254 -ഉം ട്രംപിന് 214 -ഉം ഇലക്ടറൽ വോട്ടുകൾ ലഭിച്ചതായി അസോസിയേറ്റഡ് പ്രസ് പറയുന്നു. വിജയിക്കാൻ ബൈഡന് ആറും ട്രംപിന് 56ഉം വോട്ടുകളുടെ കുറവുണ്ട്. 

Follow Us:
Download App:
  • android
  • ios