ന്യൂആര്‍ക്ക്: കൊവിഡ് വാക്സിന്‍ സ്വീകരിച്ച് അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍. ടെലിവിഷനില്‍ ലൈവായാണ് ബൈഡന്‍ വാക്സിന്‍ സ്വീകരിച്ചത്. വാക്സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയാനും ആളുകള്‍ക്ക് വാക്സിനിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുമായായിരുന്നു തിങ്കളാഴ്ച രാജ്യത്തിന് മുന്നില്‍ ലൈവായി ബൈഡന്‍റെ വാക്സിന്‍ എടുക്കല്‍. ഫൈസര്‍ വാക്സിന്‍ ന്യൂ ആര്‍ക്കിലെ ക്രിസ്റ്റ്യാന ആശുപത്രിയില്‍ വച്ചാണ് ബൈഡന്‍ സ്വീകരിച്ചത്.

ബൈഡന്‍റെ ഭാര്യ വാക്സിന്‍റെ ആദ്യ ഷോട്ട് നേരത്തെ സ്വീകരിച്ചിരുന്നു. വാക്സിനേക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ബൈഡന്‍ പ്രതികരിച്ചു. വിദഗ്ധര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ബൈഡന്‍ ആളുകളോട് ആവശ്യപ്പെട്ടു. 318000 ത്തോളം ആളുകളാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്.

വൈഡ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഭര്‍ത്താവും അടുത്ത ആഴ്ച വാക്സിന്‍ സ്വീകരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ വൈസ് പ്രസിഡന്‍റ് ആയ മൈക്ക് പെന്‍സും ഭാര്യയും കഴിഞ്ഞ ആഴ്ച വാക്സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച നിലപാട് ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയിട്ടില്ല.