യെമനിൽ കാറിൽ ബോംബ് വെച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അൽ അറേബ്യ ടെലിവിഷൻ്റെ കറസ്പോണ്ടൻ്റ് മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്. യെമനി മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ട മുഹമ്മദ് അയ്ദ. 

സന: യെമനിൽ കാറിൽ ബോംബ് വെച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അൽ അറേബ്യ ടെലിവിഷൻ്റെ കറസ്പോണ്ടൻ്റും യെമനി മാധ്യമപ്രവർത്തകനുമായ മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ യെമനിലെ പ്രസിഡൻഷ്യൽ ലീഡ‍ർഷിപ്പ് കൗൺസിൽ തലവൻ റഷാ​ദ് അൽ അലിമി ഉന്നതതല സംയുക്ത കമ്മിറ്റിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യെമൻ്റെ കിഴക്കൻ ന​ഗരമായ മുകല്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അൽ അറേബ്യയ്ക്കും സഹോദര സ്ഥാപനമായ അൽ ഹദാത്തിനും വേണ്ടി യെമനിൽനിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനായിരുന്നു മുഹമ്മദ് അയ്ദ. വധഭീഷണി ഉണ്ടായിരുന്നതിനാൽ പ്രാദേശിക സുരക്ഷാ അധികൃതർ മുഹമ്മദ് അയ്ദയ്ക്ക് ജാ​ഗ്രതാ നിർദേശം നൽകിയിരുന്നതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.

ഹദ്‌റമൗത്ത് ​ഗവ‍ർണറേറ്റിൻ്റെ തലസ്ഥാനം കൂടിയാണ് ആക്രമണം നടന്ന മുകല്ല. മാധ്യമപ്രവർത്തകനെതിരായ ആക്രമണത്തെ സതേൺ ട്രാൻസിഷണൽ കൗൺസിൽ അപലപിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണ്. കൂടാതെ, ഹദ്‌റമൗത്ത് നേരിടുന്ന വിപുലമായ സുരക്ഷാ വെല്ലുവിളികളുടെ സൂചനയാണ്. 2016ൽ ഈ പ്രദേശത്തുനിന്ന് അൽ ഖ്വയ്ദ ഭീകരരെ തുരത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സുരക്ഷാ വിഭാഗങ്ങളെ പിരിച്ചുവിട്ടതാണ് സ്ഥിതിഗതികൾ വഷളാകാൻ കാരണമെന്നും സതേൺ ട്രാൻസിഷണൽ കൗൺസിൽ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കുറ്റവാളികളെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രസിഡൻഷ്യൽ ലീഡ‍ർഷിപ്പ് കൗൺസിൽ തലവൻ റഷാ​ദ് അൽ അലിമി വ്യക്തമാക്കി. അതേസമയം മാധ്യമപ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം കുറഞ്ഞ, അപകടകരമായ രാജ്യങ്ങളിൽ ഒന്നായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് യെമനെ കണക്കാക്കുന്നുണ്ട്.