ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഡോണൾഡ് ട്രംപിന്‍റെ കഴിഞ്ഞ 8 വർഷത്തെ ടാക്സ് റിട്ടേൺ സംബന്ധിച്ച രേഖകൾ പ്രോസിക്യൂട്ടർക്ക് കൈമാറണമെന്ന് കോടതി ഉത്തരവിന് താൽക്കാലിക സ്റ്റേ അനുവദിക്കണമെന്ന ട്രംപിന്‍റെ ഹർജി കോടതി തള്ളി. ക്രിമിനൽ കേസന്വേഷണങ്ങളിൽ നിന്ന് താൻ മുക്തനാണെന്ന ട്രംപിന്‍റെ വാദം തള്ളിയായിരുന്നു ആദായ നികുതി രേഖകൾ സമർപ്പിക്കണമെന്ന കോടതി ഉത്തരവിട്ടത്.

നിയമത്തിന് മുകളിലല്ല പ്രസിഡന്റിന്റെ അവകാശങ്ങളെന്ന വിലയിരുത്തലോടെയായിരുന്നു ഫെഡറൽ കോടതി ഉത്തരവ്. ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണ് ട്രംപിന് കോടതിയില്‍ നിന്നുള്ള അപ്രതീക്ഷിത പ്രഹരം. യു എസ് ഡിസ്ട്രിക്ട് ജഡ്ജ് വിക്ടര്‍ മാരേരോയുടേതാണ് വിധി. 75 പേജുകളിലായാണ് കോടതി ട്രംപിന്‍റെ ഹര്‍ജിയില്‍ അഭിപ്രായം വ്യക്തമാക്കിയത്.