ശനിയാഴ്ച അഗ്നിപർവ്വത്തിനുള്ളിൽ നിന്ന് യുവതിയുടെ സഹായം തേടിയുള്ള നിലവിളി കേട്ടിരുന്നു. ഡ്രോൺ ഉപയോഗിച്ച്  ഒപ്പമുണ്ടായിരുന്നവർ യുവതിയുടെ ചിത്രങ്ങൾ എടുത്തിരുന്നു. എന്നാൽ ഇവിടെ നിന്നും ഏറെ താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്

ലോംബോക്ക്: തായ്ലാൻഡും വിയറ്റ്നാമും പിന്നിട്ട് ഇന്തോനേഷ്യയിലെ ലോംബോക്കിലേക്കുള്ള വിനോദയാത്രയിൽ 26കാരിക്ക് ദാരുണാന്ത്യം. ട്രക്കിംഗിനിടെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സജീവ അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ ബ്രസീൽ സ്വദേശിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോംബോക്ക് ദ്വീപിലെ സജീവ അഗ്നിപർവ്വതമായ റിൻജാനി സ്ഥിതി ചെയ്യുന്ന മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗിനിടെയാണ് ബ്രസീൽ സ്വദേശിയായ 26കാരിയായ ജൂലിയാന മരിൻസ് അഗ്നിപർവ്വതത്തിനുള്ളിൽ വീണത്. അഗ്നിപർവ്വത മുഖ ഭാഗത്തായാണ് ജൂലിയാന മരിൻസ് വീണത്. ശനിയാഴ്ച പുലർച്ചെ 6.30ഓടെയാണ് ജൂലിയാന മരിൻസ് അഗ്നിപ‍ർവ്വത മുഖത്തേക്ക് വീണത്.

ശനിയാഴ്ച ഒപ്പമുണ്ടായിരുന്നവർ ജൂലിയാനയ്ക്കായി തെരച്ചിൽ നടത്തിയപ്പോൾ യുവതിയുടെ സഹായം തേടിയുള്ള നിലവിളി കേട്ടിരുന്നു. ഇതിന് പിന്നാലെ മൗണ്ട് റിൻജാനി പാർക്ക് അധികൃതർ അടക്കം 26കാരിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും പുകയും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനത്തിന് കാലതാമസം വരാൻ കാരണമായിരുന്നു. ചൊവ്വാഴ്ചയോടെയാണ് തെരച്ചിൽ സംഘത്തിന് യുവതിയുടെ അടുത്തേക്ക് എത്താനായത്. എങ്കിലും ജൂലിയാന മരിൻസ് അതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അഗ്നിപ‍ർവ്വത മുഖഭാഗത്ത് 984 അടി താഴ്ചയിൽ വരെ എത്തിയുള്ള തെരച്ചിലിൽ യുവതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീഴ്ചയിൽ പറ്റിയ പരിക്കുകളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിൽ യുവതിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയ മേഖലയിൽ നിന്ന് വീണ്ടും താഴേയ്ക്ക് യുവതി പതിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. 1968 അടി താഴ്ചയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്താനായത്.

50 പേരടങ്ങുന്ന സംഘത്തിന് ചൊവ്വാഴ്ചയും ജൂലിയാന മരിൻസിന്റെ മൃതദേഹം അഗ്നിപർവ്വതത്തിൽ നിന്ന് ഉയർത്താനായിട്ടില്ല. ബുധനാഴ്ച രാവിലെ മുതൽ ഇതിനായുള്ള ശ്രമങ്ങൾ പുനരാരംഭിക്കുമെന്ന് മൗണ്ട് റിൻജാനി പാർക്ക് അധികൃതർ വിശദമാക്കിയിട്ടുള്ളത്. 3726 മീറ്റർ ഉയരമുള്ള സജീവ അഗ്നിപർവ്വതമായ റിൻജാനി സന്ദർശിക്കാൻ ആയിരക്കണക്കിന് പേരാണ് ഓരോ വർഷവും എത്തുന്നത്. അതേസമയം അപകടത്തിന് ശേഷവും മേഖലയിൽ വിനോദസഞ്ചാരികളെ അനുവദിക്കുന്നതിൽ മൗണ്ട് റിൻജാനി പാർക്ക് അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മൗണ്ട് റിൻജാനി പാർക്ക് സന്ദ‍ർശിക്കാനെത്തിയ യുവതിക്ക് അപകടം സംഭവിച്ച് ഇനിയും രക്ഷിക്കാനാവാത്ത സാഹചര്യത്തിലും വിനോദ സഞ്ചാരം അനുവദിക്കുന്നതിലാണ് വിമ‍ർശനം ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം