വാഷിം​ഗ്ടൺ: ഇന്ത്യയ്ക്കും ഇന്തോ അമേരിക്കൻ പൗരൻമാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്. മദ്രാസിലായിരിക്കുന്ന സമയത്ത് മുത്തച്ഛനോടൊപ്പമുള്ള നീണ്ട നടത്തത്തെയും തമിഴ് ഇന്ത്യൻ അമേരിക്കക്കാരിയായ അമ്മയെക്കുറിച്ചും കമലാ ഹാരിസ് വാചാലയായി. സൗത്ത് ഏഷ്യൻസ് ഫോർ ബൈഡൻ എന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്. 

ഇന്ത്യക്കാർക്കും അമേരിക്കൻ ഐക്യനാടുകളിലെ ഇന്തോ അമേരിക്കൻ പൗരൻമാർക്കും വളരെ സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനം ആശംസിക്കുന്നു. 1947 ഓ​ഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയിലെ സ്ത്രീകളും പുരുഷൻമാരും വളരെയധികം സന്തോഷിച്ചു. 2020 ഓ​ഗസ്റ്റ് 15ന് സൗത്ത് ഏഷ്യൻ വംശജയായ ആദ്യ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. കമല പ്രസം​ഗത്തിൽ പറഞ്ഞു. 

അമ്മ ശ്യാമള ​ഗോപാലനെക്കുറിച്ചും കമലാ ഹാരിസ് പരാമർശിച്ചു. പ്രമുഖ കാൻസർ ​ഗവേഷകയും തമിഴ് ഇന്ത്യൻ അമേരിക്കക്കാരിയുമാണ് കമലാ ഹാരിസിന്റെ അമ്മ ശ്യാമള ​ഗോപാലൻ. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ആയിരിക്കും കമലാ ഹാരിസ്. വളരെ സമർത്ഥയായ വ്യക്തിയാണ് കമലാ ഹാരിസ് എന്നാണ് ജോ ബൈഡൻ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയത്. 

19ാമത്തെ വയസ്സിലാണ് അമ്മ ശ്യാമള ​ഗോപാലൻ കാലിഫോർണിയയിൽ എത്തുന്നത്. അവരുടെ കൈവശം സാധനസാമ​ഗ്രികളൊന്നും ഉണ്ടായിരുന്നില്ല. പകരം മാതാപിതാക്കളിൽ നിന്ന് പകർന്ന് കിട്ടിയ നല്ല പാഠങ്ങളും അനുഭവങ്ങളും മാത്രമായിരുന്നു അവരുടെ പ്രചോദനം. മുത്തശ്ശന്റെ പേര് പി വി ​ഗോപാലൻ എന്നും മുത്തശ്ശിയുടെ പേര രാജം എന്നുമായിരുന്നു. അനീതി സംഭവിക്കുന്നത് കണ്ടാൽ അതിനെതിരെ പ്രതികരിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട് എന്നാണ് അവർ അമ്മയെ പഠിപ്പിച്ചത്.  അമ്മയെക്കുറിച്ച് ഓർക്കവേ കമലാ ഹാരിസ് പറഞ്ഞു. 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീരയോദ്ധാക്കളെക്കുറിച്ചും മുത്തച്ഛൻ തന്നോട് പറയുമായിരുന്നു എന്നും കമല അനുസ്മരിച്ചു. സഹോദരി മായയിലും തന്നിലും ഇഡ്ഢലിയോടുള്ള സ്നേഹം വളർത്താൻ അമ്മ ശ്രമിച്ചിരുന്നതായും കമല ഓർത്തെടുത്തു. എവിടെ നിന്നാണ് വന്നതെന്നും തങ്ങളുടെ വംശപരമ്പരയെക്കുറിച്ചും ഞങ്ങളെ പഠിപ്പിക്കാൻ അമ്മ ആ​ഗ്രഹിച്ചു. ഇന്ന് താനിവിടെ എത്തിയതിൽ മുത്തച്ഛനും അമ്മയും പകർന്നു നല്കിയ പാഠങ്ങളാണെന്നും കമല ഹാരിസ് പറഞ്ഞു