ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണം മുതലുള്ള ഒട്ടേറെ സംഭവങ്ങളിലൂടെ അരക്ഷിതാവസ്ഥയിലായ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെയും വംശീയ ന്യൂനപക്ഷങ്ങളെയും ഡെമോക്രാറ്റ് പക്ഷത്ത് ചേര്‍ത്തുനിർത്തിയത് കമലയാണ്. 

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്‍റായി കമലാ ഹാരിസ് അധികാരമേറ്റു. അമേരിക്കൻ ജനാധിപത്യത്തിൽ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഒരു ആഫ്രിക്കൻ അമേരിക്കൻ ഇന്ത്യൻ വംശജ വൈസ് പ്രസിഡന്‍റായി അധികാരമേൽക്കുന്നത്. സുപ്രീംകോടതിയിലെ വനിതാ ജഡ്ജിയും ലാറ്റിനാ വംശജയുമായ സോണിയാ സോറ്റമോയറാണ്. 

പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ തന്‍റെ ആദ്യപ്രസംഗത്തിൽ കമലാഹാരിസിനെ അഭിനന്ദിച്ചു പ്രസിഡന്‍റ് ജോ ബൈഡൻ. ''108 വ‌ർഷം മുമ്പ് വോട്ട് ചെയ്യാനുള്ള അവകാശം തേടി ഈ ക്യാപിറ്റോൾ ഹില്ലിലേക്ക് മാർച്ച് ചെയ്ത ഒരു കൂട്ടം ധീരവനിതകളെ തടഞ്ഞ ഒരു സംഘം കലാപകാരികളുണ്ട്. അതേയിടത്താണ് നമ്മളിപ്പോൾ നിൽക്കുന്നത്. ആദ്യമായി ഒരു വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് ഒരു വനിത അധികാരമേറ്റ ചരിത്ര മുഹൂർത്തത്തിൽ. അതിനാൽ ഒന്നും മാറില്ല എന്ന് നിങ്ങളെന്നോട് പറയരുത്'', എന്ന് ജോ ബൈഡൻ. 

ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണം മുതലുള്ള ഒട്ടേറെ സംഭവങ്ങളിലൂടെ അരക്ഷിതാവസ്ഥയിലായ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെയും വംശീയ ന്യൂനപക്ഷങ്ങളെയും ഡെമോക്രാറ്റ് പക്ഷത്ത് ചേര്‍ത്തുനിർത്തിയത് കമലയാണ്. പല പ്രമുഖരെയും ഒഴിവാക്കി കമല ഹാരിസിനെ ജോ ബൈഡന്‍ തന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ചെറിയ ഗുണമല്ല ചെയ്തത്. കഴിഞ്ഞ തവണ ട്രംപ് ജയിച്ച മിഷിഗന്‍, വിസ്കോൺസിൻ, പെന്‍സിൽവാനിയ തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങള്‍ ബൈഡന്‍ തിരികെപ്പിടിച്ചത് കമലക്ക് ലഭിച്ച വലിയ പിന്തുണ കൊണ്ടു കൂടിയാണ്. ട്രംപ് പ്രചാരണത്തിലുടനീളം നടത്തിയ വംശീയമായി അധിക്ഷേപങ്ങളെ ചെറുക്കാനും കമലക്ക് കഴിഞ്ഞു.

56-ാം വയസില്‍ അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലേറുന്ന കമല ഹാരിസ്സിന്‍റെ റെക്കോഡുകള്‍ പലതാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിത, യുഎസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യ ഏഷ്യന്‍വംശജ. 

അങ്ങനെ ലോക രാഷ്ട്രീയം ഉറ്റുനോക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാകുകയാണ് കമലാ ഹാരിസ് എന്ന ഇന്ത്യന്‍ വംശജ. ഇനി, നാലു വര്‍ഷം കൂടി കഴിയുമ്പോള്‍ കമലാഹാരിസിന് അമേരിക്കയുടെ പ്രസിന്‍റാകാൻ സാധിക്കുമോ എന്നതാണ് അമേരിക്കന്‍ രാഷ്ട്രീയത്തോടൊപ്പം ലോകരാഷ്ട്രീയവും ഉറ്റുനോക്കുന്നത്. 

ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്ന പരിഷ്‌കരണവാദത്തിന്‍റെ അടയാളമായും പലരും കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും വിജയത്തെയും കാണുന്നു. 78 വയസുള്ള ജോ ബൈഡന്‍ രാജ്യത്തെ ഏറ്റവും പ്രായമേറിയ പ്രസിഡന്‍റാണ്. 2024 ല്‍ ഒരു തവണ കൂടി മത്സരിക്കാനുള്ള ഒരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ 2024-ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പാർട്ടിയിൽ കമല മത്സരിക്കാനുള്ള സാധ്യതകൾ ഏറെയാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. 

1964-ല്‍ കാലിഫോര്‍ണിയയിലെ ഓക്‍ലൻഡിലാണ് കമല ജനിച്ചത്. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ ശേഷം 1989-ലാണ് കമല സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. 2010-ല്‍ കാലിഫോര്‍ണിയ അറ്റോണി ജനറലായ കമല 2016-ലാണ് സെനറ്റിലെത്തിയത്. 

ദേശീയ വിഷയങ്ങളില്‍ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് കമലയെ രാജ്യത്തിന്റെ പരമോന്നതപദവികളിലൊന്നില്‍ എത്തിച്ചിരിക്കുന്നത്. എല്ലാം ഒത്തുവന്നാല്‍ 2024-ല്‍ കമല പുതിയ ചരിത്രം സൃഷ്ടിക്കും. അത് സംഭവിക്കുമോ എന്നത് ഇനിയുള്ള നാല് വര്‍ഷങ്ങളിലെ അവരുടെ പ്രവര്‍ത്തനത്തെയും നിലപാടുകളെയും ആശ്രയിച്ചിരിക്കുകയും ചെയ്യും.