പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്‌മണ്ടിലെ ഒരു വസ്തുവിൽ നിന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഗുരുതരമായ പരിക്കുകളോടെയാണ് 77 കാരന്റെ മൃതദേഹം കണ്ടെത്തിയത്.

സിഡ്‌നി : കേരളത്തിൽ തെരുവ്നായകളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന വാർത്തകൾ വരുന്നതിനിടെ ഓസ്ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ്. ഓസ്ട്രേലിയയിൽ 77 കാരൻ വളർത്തിയിരുന്ന കം​ഗാരു അയാളെ തന്നെ ആക്രമിച്ച് കൊന്നുവെന്നാണ് റിപ്പോർട്ട്. 86 വർഷത്തിനിടയിലെ ആദ്യത്തെ മാരകമായ ആക്രമണമാണ് ഇതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്‌മണ്ടിലെ ഒരു വസ്തുവിൽ നിന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഗുരുതരമായ പരിക്കുകളോടെയാണ് 77 കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ കം​ഗാരു ആക്രമിച്ചതാണെന്നാണ് നി​ഗമനം. ആംബുലൻസ് ജീവനക്കാർ എത്തുമ്പോൾ ഈ പ്രദേശത്ത് കം​ഗാരുവിനെ കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. കം​ഗാരു ആക്രമ സ്വഭാവം കാണിച്ചതിനാൽ വെടിവെച്ച് കൊല്ലേണ്ടി വന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഈ കം​ഗാരുവിനെ ഇയാൾ വളർത്തിയിരുന്നുവെന്നാണ് കരുതുന്നത്. ഗാരു സ്പീഷീസ് തിരിച്ചറിഞ്ഞിട്ടില്ല. ചാരനിറത്തിലുള്ള പടിഞ്ഞാറൻ ആൺ കം​ഗാരുവിന് 2.2 മീറ്റർ (ഏഴ് അടിയിൽ കൂടുതൽ) വരെ നീളവും 70 കിലോ (154 പൗണ്ട്) വരെ ഭാരവും ഉണ്ടാകും. 

1936-ലാണ് അവസാനമായി മാരകമായ കംഗാരു ആക്രമണം റിപ്പോർട്ട് ചെയ്തതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പറയുന്നു. ന്യൂ സൗത്ത് വെയിൽസിലുണ്ടായ ഈ സംഭവത്തിന് മാസങ്ങൾക്ക് ശേഷം ആക്രമിക്കപ്പെട്ട 38 കാരനായ വില്യം ക്രൂക്ക്‌ഷാങ്ക് ആശുപത്രിയിൽ മരിച്ചുവെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഒരു വലിയ കംഗാരുവിൽ നിന്ന് രണ്ട് നായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ താടിയെല്ലിന് പൊട്ടലും തലയ്ക്ക് സാരമായ പരിക്കുകളുമേറ്റിരുന്നു.

Read More : തെരുവ് നായ ആക്രമണം, കണ്ണൂരിൽ ഇന്നലെ മാത്രം കടിയേറ്റത് 15 പേര്‍ക്ക്, ഈ മാസം ഇതുവരെ ആക്രമിക്കപ്പെട്ടത് 302 പേര്‍