ഓഫീസിൽ അദ്ദേഹമെവിടെ എന്ന നിരന്തരമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാറില്ലെന്നും മുൻ എഫ്ബിഐ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഫ്രാങ്ക് ഫിഗ്ലിയുസി പറഞ്ഞു.
വാഷിങ്ടണ്‍: എഫ്ബിഐ ഡയറക്ടറായ ഇന്ത്യൻ വംശജൻ കാഷ് പട്ടേലിനെതിരെ ഗുരുതരാരോപണങ്ങളുമായി മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ. എഫ്ബിഐ ഓഫീസിൽ ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം ലാസ് വെഗാസിലെ വീട്ടിലും നൈറ്റ് ക്ലബ്ബുകളിലുമാണ് കാഷ് പട്ടേൽ ചെലവഴിച്ചത് എന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഓഫീസിൽ അദ്ദേഹമെവിടെ എന്ന നിരന്തരമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാറില്ലെന്നും മുൻ എഫ്ബിഐ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഫ്രാങ്ക് ഫിഗ്ലിയുസി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണ കാലത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് കാഷ് പട്ടേൽ. എന്നാൽ ഇദ്ദേഹത്തെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഓഫീസിൽ കാണുന്നത് വളരെ അപൂർവമാണെന്ന് ഫ്രാങ്ക് ഫിഗ്ലിയുസി. ഹൂവർ കെട്ടിടത്തിന്റെ ഏഴാം നിലയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ അദ്ദേഹം വലാസ് വെഗാസിലെ വീട്ടിലും നൈറ്റ് ക്ലബ്ബിലുമാണ് പ്രവർത്തിക്കുന്നത്. അതേ സമയം ദിവസേന എഫ് ബി ഐ ഡയറക്ടർമാർക്ക് നൽകുന്ന ഡെയിലി ബ്രീഫ് ആഴ്ചയിൽ രണ്ടുതവണയായി മാറ്റിയതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടേലിന്റെ ജെറ്റ് വിമാനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സെനറ്റ് ഡെമോക്രാറ്റുകൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. കാമുകിയെ സന്ദർശിക്കാനും ഹോക്കി ഗെയിമുകളിലും മറ്റ് കായിക പരിപാടികളിലും പങ്കെടുക്കാനുമുള്ള യാത്രകൾ ഉൾപ്പെടെ എഫ്‌ബിഐയുടെ ജെറ്റ് വിമാനങ്ങൾ പട്ടേൽ തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
ഫെബ്രുവരിയിലാണ് അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ - എഫ്ബിഐ-യുടെ ഡയറക്ടറായി കാഷ് പട്ടേൽ ചുമതലയേറ്റത്. ഭഗവത് ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യ പ്രതിജ്ഞ ചെയ്തത്. വാഷിങ്ടണിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സഹോദരി, ജീവിത പങ്കാളി എന്നിവർക്കൊപ്പമാണ് കാഷ് പട്ടേൽ ചടങ്ങിനെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.
38000 ജീവനക്കാരുള്ള 11 ബില്യൺ ഡോളർ വാർഷിക ചെലവുള്ള ലോകമാകെ പ്രശസ്തമായ അന്വേഷണ ഏജൻസിയാണ് എഫ്ബിഐ. കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് കശ്യപ് പട്ടേൽ എന്നാണ്. കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് ഇദ്ദേഹത്തിൻ്റേത്.


