പാക് അധീന കശ്മീരിൽ സാധാരണക്കാർക്ക് നേരെ പാകിസ്താൻ അധികൃതർ അമിത ബലപ്രയോഗം നടത്തുകയാണെന്നും റാവലകോട്ടിൽ ജൂൺ അഞ്ച് മുതൽ പ്രതിഷേധം ശക്തമാണെന്നും പ്രതിഷേധക്കാർ
ബ്രിട്ടൻ: പാകിസ്താൻ അധിനിവേശ കാശ്മീരിലെ റാവലകോട്ടിൽ നടന്ന വെടിവയ്പിൽ ബ്രിട്ടനിൽ പ്രതിഷേധം രൂക്ഷം. റാവലകോട്ടിൽ സുരക്ഷാ സേനയുടെ വെടിവയ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്. 70 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനത്തിൽ ബ്രിട്ടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 30 ബ്രിട്ടീഷ് എം പി മാർ ബ്രിട്ടീഷ് സർക്കാരിന് കത്ത് നൽകിയത്. ജൂൺ 9 ന് പ്രതിഷേധക്കാർ ബ്രാഡ്ഫോർഡിലെ പാകിസ്താൻ കോൺസുലേറ്റിലേക്ക് എത്തിയത്.
പാക് അധീന കശ്മീരിൽ സാധാരണക്കാർക്ക് നേരെ പാകിസ്താൻ അധികൃതർ അമിത ബലപ്രയോഗം നടത്തുകയാണെന്നും റാവലകോട്ടിൽ ജൂൺ അഞ്ച് മുതൽ പ്രതിഷേധം ശക്തമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പാക് അധീന കശ്മീരിൽ വേരുകളുള്ള ബ്രാഡ്‌ഫോർഡ് ഈസ്റ്റിലെ എംപിയായ ഇമ്രാൻ ഹുസൈന്റെ നേതൃത്വത്തിലാണ് ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ യുകെ സർക്കാരിന് കത്തയച്ചത്. മേഖലയിൽ വലിയ തോതിലുള്ള അറസ്റ്റുകളും ആശയവിനിമയ സംവിധാനങ്ങളുടെ വിലക്കും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാക് കോൺസുലേറ്റിന് സമീപത്തേക്ക് പ്രതിഷേധവുമായി എത്തിയവരിൽ ഏറിയ പങ്കും പാക് അധീന കശ്മീർ സ്വദേശികളാണ്.
സബ്‌സിഡി നിരക്കിൽ ഭക്ഷ്യ വസ്തുക്കളും വൈദ്യുതിയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി 38 നിർദേശങ്ങളടങ്ങിയ അജണ്ട മുന്നോട്ട് വെച്ചിരുന്നു. ഗവൺമെന്റ് ഈ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഒരു വലിയ പ്രതിഷേധ മാർച്ചിന് പദ്ധതിയിട്ടിരുന്നു. ഈ പ്രതിഷേധ റാലിയുടെ പശ്ചാത്തലത്തിലാണ് പാകിസ്താൻ ഭരണകൂടം തങ്ങളുടെ നിയമവിരുദ്ധ അധിനിവേശ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും ഏർപ്പെടുത്തിയത്.


