വ്യോമാക്രമണങ്ങളെത്തുടർന്ന് ടെഹ്‌റാൻ നഗരത്തിലെ അദ്ദേഹത്തിന്റെ സമുച്ചയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് പറയുന്നത്.

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയിയുടെ മൃതദേഹം എന്തു ചെയ്തുവെന്നതിൽ വ്യക്തതയില്ല. ഇസ്രായേലി വ്യോമാക്രമണത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഖമനേയിയുടെ മൃതദേഹം കണ്ടെത്തിയതായും ശനിയാഴ്ച വൈകുന്നേരം മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ അറിയിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണിച്ചതായി റിപ്പോർട്ടുണ്ട്. ചിത്രങ്ങൾ കണ്ട് സ്ഥിരീകരിച്ച ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്തിൽ മരണവാർത്ത സ്ഥിരീകരിക്കുന്നത്. വ്യോമാക്രമണങ്ങളെത്തുടർന്ന് ടെഹ്‌റാൻ നഗരത്തിലെ അദ്ദേഹത്തിന്റെ സമുച്ചയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് പറയുന്നത്. 

രണ്ട് പ്രധാന ഇസ്രായേലി ടിവി നെറ്റ്‌വർക്കുകളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ടുകൾ പ്രകാരം, ഖമേനേയിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ലഭിച്ചു. ആക്രമണത്തിന്റെ കൃത്യമായ തെളിവായി ഈ ചിത്രങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും നേരിട്ട് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഖമേനി സ്ഥലത്ത് മണ്ണിനടിയിലായിരുന്നു. എന്നാൽ രഹസ്യ സങ്കേതങ്ങൾ ഇന്റലിജന്റ്സ് വിഭാ​ഗം കണ്ടെത്തി. ആക്രമണ സമയം, ഖമനേയി, തന്റെ നിയുക്ത കർത്തവ്യങ്ങൾ നിർവഹിക്കുകയായിരുന്നുവെന്നും ആക്രമണങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്റെ സഹായി അലി ഷംഖാനി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഇസ്രായേലി വ്യോമാക്രമണത്തിൽ ഷംഖാനിയും കൊല്ലപ്പെട്ടു.

ഇറാനിലെ മുതിർന്ന രാഷ്ട്രീയ, സൈനിക ഉദ്യോഗസ്ഥരുടെ മൂന്ന് യോഗങ്ങൾ ഇന്ന് രാവിലെ ഒരേസമയം നടക്കുന്നതായി യുഎസും ഇസ്രായേലും അറിയുകയും പകൽ വെളിച്ചത്തിൽ ആക്രമണം നടത്താൻ തീരുമാനിച്ചതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ആദ്യ മിനിറ്റുകളിൽ ഖമേനിയുടെ വസതിയിൽ 30 ബോംബുകൾ വർഷിക്കപ്പെട്ടു, ഇതുവരെ 40 മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

ആ ആക്രമണം ആ സമുച്ചയം മുഴുവൻ തകർത്തു. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമത്തിലാണ് ഖമനേയി കൊല്ലപ്പെട്ടതെങ്കിലും ആക്രമണം ഏകോപിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. ഖമേനേയിക്ക് യുഎസ് ഇന്റലിജൻസിൽനിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു.‌ ആക്രമണങ്ങൾക്ക് ശേഷം, ടെഹ്‌റാനിലെ ഖമേനിയുടെ വസതിയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.