ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുമ്പോൾ, ഇന്ത്യ അംഗമായ ഷാങ്ഹായി സഹകരണ സംഘടന ആക്രമണത്തെ അപലപിച്ചു. മോദിയുടെ സന്ദർശനവേളയിൽ ആക്രമണ പദ്ധതി ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ.

ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുമ്പോൾ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ കൂടി ഉൾപ്പെട്ട ഷാങ്ഹായി സഹകരണ സംഘടന. ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്നും എസ്‍സിഒ പ്രസ്താവനയില്‍ പറയുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന സമയത്ത് ഇറാനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് ഇസ്രയേൽ വിശദീകരിച്ചു.

അയത്തൊള്ള അലി ഖമനെയിയുടെ വധത്തിൽ ഇന്ത്യ ഒരു പ്രതികരണവും നല്‍കിയിരുന്നില്ല. ഇന്നലെ സോണിയ ഗാന്ധി ഇന്ത്യയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിലും ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യ നിശബ്ദത പാലിച്ചു. എന്നാൽ ഇന്ത്യ കൂടി ഉൾപ്പെട്ട ഷാങ്ഹായി സഹകരണ സംഘടനയുടെ പ്രസ്താവന കടുത്ത ഭാഷയിലാണ് ഇറാനെതിരായ ആക്രമണത്തെ തള്ളുന്നത്. ഇറാനിൽ കൊല്ലപ്പെട്ടവർക്കെല്ലാം അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഇറാൻ്റെ പരമാധികാരവും അഖണ്ടതയും ലംഘിക്കുന്ന നീക്കം അവസാനിപ്പിച്ച് ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങൾക്ക് അനുസരിച്ച് വിഷയം പരിഹരിക്കണം എന്നും ഷാങ്ഹായി സഹകരണ സംഘടന നിർദ്ദേശിക്കുന്നു. പ്രസ്താവനയോട് ഇന്ത്യ വിയോജിച്ചിട്ടില്ല. റഷ്യയും ചൈനയും ഇറാനും അംഗമായ സംഘടനയുടെ പ്രസ്താവനയിലെ ഈ നയം എന്നാൽ ഇന്ത്യയുടെ പ്രസ്താവനയിൽ പ്രകടിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ഗൾഫ് രാജ്യങ്ങളാണ് ആക്രമണം നേരിടുന്നതെന്നും അതിനാൽ ഇറാനെ അനുകൂലിക്കേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ നല്‍കുന്ന വിശദീകരണം.

ഇന്ത്യയിലെ ഇറാൻ എംബസി ഇതിനിടെ ഖമനെയിക്ക് അനുശോചനം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു. നാളെയും മറ്റന്നാളും തിങ്കളാഴ്ചയും എംബസിയിലെത്തി ഇതിനുള്ള രജിസ്റ്ററിൽ ഒപ്പുവയ്ക്കാം എന്നും ഇറാൻ എംബസി അറിയിച്ചു. അതേസമയം, ഇറാൻ ആക്രമണ പദ്ധതിയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിരുന്നു എന്ന റിപ്പോർട്ടുകൾ ഇസ്രയേൽ തള്ളി. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷം ഒരു സൈനിക നടപടിയുടെ സാധ്യത തെളിഞ്ഞപ്പോൾ ഇസ്രയേൽ അത് ഉപയോഗിച്ചതാണെന്നും നേരത്തെ നിശ്ചയിച്ചതല്ലെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ വ്യക്തമാക്കി.

YouTube video player