പോംഗ്യാങ്: 22 ദിവസം പുറത്തിറങ്ങാതെ മുറിയില്‍ അടച്ചിരുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ ഒടുവില്‍ പുറത്തിറങ്ങി. പിതാവി കിം ജോങ് ഇല്ലിന്‍റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് 22 ദിവസത്തിന് ശേഷം ഉന്‍ പുറത്തിറങ്ങുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ മ്യുസോളിയത്തില്‍ ഉന്‍ സന്ദര്‍ശനം നടത്തി. പോംഗ്യാങ്ങിലെ കുംസുസാനില്‍ സ്ഥാപിച്ച കിം ജോങ് ഇല്ലിന്‍റെ പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ജനുവരി 25ലെ ലൂണാര്‍ പുതുവര്‍ഷാഘോഷ പരിപാടിക്ക് ശേഷം ആദ്യമായാണ് ഉന്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. 

പിതാവ് കിം ജോങ് ഇല്ലിന്‍റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

ചൈനയിലെ വുഹാനില്‍ കൊറോണവൈറസ്  പൊട്ടിപ്പുറപ്പെട്ടതിനാലാണ് പൊതുപരിപാടികള്‍ ഒഴിവാക്കി ഉൻ ഔദ്യോഗിക വസതിയില്‍ കൂടിയത്. കൊറോണവൈറസ് വ്യാപിക്കുന്നത് കുറഞ്ഞെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. അതേസമയം, ഉത്തരകൊറിയയില്‍ ഇതുവരെ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും രാജ്യത്താകമാനം മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 30 ദിവസം കൂടി മുന്‍കരുതല്‍ നടപടി തുടരാനും ഉത്തരവായിട്ടുണ്ട്. ഫെബ്രുവരി 16നാണ് കിം ജോങ് ഇല്ലിന്‍റെ ജന്മദിനം. ഉത്തരകൊറിയയില്‍ ദേശീയ അവധി നല്‍കിയാണ് ഇല്ലിന്‍റെ ജന്മദിനം ആഘോഷിക്കുന്നത്.