സോള്‍: കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. ഒരിക്കലും മുടക്കാത്ത വടക്കന്‍ കൊറിയയുടെ ദേശീയ സൈനിക ദിനത്തിലും കിം പങ്കെടുക്കാതിരുന്നതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള സംശയങ്ങള്‍ ബലപ്പെടുന്നത്.

കിം ജോങ് ഉന്‍ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ആഡംബര ട്രെയിന്‍ രാഷ്ട്രത്തലവന്റെ ഔദ്യോഗിക മന്ദിരത്തിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ഉപഗ്രഹ ചിത്രമാണ് ഒടുവില്‍ പുറത്തുവന്നത്. കിം ജോങ് ഉന്‍ കുറച്ചു ദിവസങ്ങളായി യാത്രകളൊന്നും ചെയ്യുന്നില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ഊഹിക്കുന്നു. കിം ജോങ് ജീവനോടെയുണ്ടോ എന്ന സംശയങ്ങള്‍ ലോകമാധ്യമങ്ങളില്‍ നിറയുമ്പോഴും ഇതുവരെ വടക്കന്‍ കൊറിയ പ്രതികരിച്ചിട്ടില്ല.

ശനിയാഴ്ച വടക്കന്‍ കൊറിയയുടെ ദേശീയ സൈനിക ദിനമായിരുന്നു. രാഷ്ട്രത്തലവന്‍ ഒരിക്കലൂം മുടക്കാത്ത പരിപാടിയാണിത്. എന്നാല്‍ ഇത്തവണ അതിലും കിം ജോങ് ഉന്നിന്റെ സാന്നിധ്യം ഉണ്ടായില്ല. കഴിഞ്ഞ 15ന് മുത്തച്ഛന്‍ കിം ഇല്‍ സൂങ്ങിന്റെ അനുസ്മരണ പരിപാടിയിലും കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. അത്യാസന്ന നിലയിലായ കിമ്മിനെ ചികില്‍സിക്കാന്‍ ചൈനയില്‍ നിന്നൊരു വൈദ്യ സംഘം വടക്കന്‍ കൊറിയയില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കും സ്ഥിരീകരണമില്ല.

കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച വാര്‍ത്തകള്‍ ശരിയെങ്കില്‍ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ചകളും സജീവമാകുകയാണ്. ഇളയ സഹോദരി കിം യോ ജങ് ആയിരിക്കും ഇനി രാജ്യത്തെ നയിക്കുന്നത് എന്നാണു സൂചനകള്‍. അമേരിക്കന്‍ പ്രസിഡന്റുമായുള്ള ഉച്ചകോടിയില്‍പോലും കിം ജോംഗ് ഉന്നിനെ അനുഗമിച്ചത് ഈ സഹോദരി ആയിരുന്നു. എന്നാല്‍ കിം ജീവനോടെയുണ്ടെന്നു തന്നെയാണ് കരുതുന്നതെന്ന് തെക്കന്‍ കൊറിയന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.