സിയോള്‍: ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തില്‍ ഉത്തര കൊറിയ പുതിയ ആണവായുധ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ അമേരിക്കയുമായി നടന്ന ഉച്ചകോടിയില്‍ ആണവനിരായുധീകരണത്തില്‍  തീരുമാനം ആകാതിരുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പുതിയ പരീക്ഷണം. 

വ്യാഴാഴ്ച കിം ജോങ് ഉന്‍ പുതിയ ആണവായുധം പരീക്ഷിച്ചതായി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദീര്‍ഘ ദൂര ബാലിസ്റ്റിക് മിസൈലിന് പകരം ഹ്രസ്വദൂര ആണവായുധമാണ് പരീക്ഷിച്ചത്. എന്നാല്‍ ഏതുതരം ആയുധമാണ്  ഇതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെസിഎന്‍എ) വെളിപ്പെടുത്തിയിട്ടില്ല

ശക്തമായ ആയുധശേഖരമുള്ള ഒരു തരം ഗൈഡിങ് ഫ്ലൈറ്റ് ആണ് ഇതെന്നാണ് കെസിഎന്‍എ വ്യക്തമാക്കുന്നത്. ഉത്തര കൊറിയന്‍ സൈന്യത്തിന്‍റെ കരുത്ത് വെളിപ്പെടുത്തുന്നതാണ് പുതിയ ആയുധത്തിന്‍റെ പരീക്ഷണം എന്ന് കിം ജോങ് ഉന്‍ അറിയിച്ചു.

2018 ജൂണിൽ സിങ്കപ്പൂരിലാണ് ഡൊണാൾഡ് ട്രംപും കിം ജോങ് ഉന്നുമായുള്ള ഒന്നാം ഉച്ചകോടി നടന്നത്. കൊറിയൻ മുനമ്പിനെ ആണവവിമുക്തമാക്കുമെന്ന് അന്ന് ഇരുനേതാക്കളും പ്രതിജ്ഞയുമെടുത്തിരുന്നു. എന്നാൽ, ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ഫെബ്രുവരിയിൽ വിയറ്റ്നാമിലെ ഹനോയിയിൽനടന്ന രണ്ടാം ഉച്ചകോടി പക്ഷേ, ആണവനിരായുധീകരണത്തെ ചൊല്ലി വഴിമുട്ടി. തങ്ങളുടെ പ്രധാന ആണവപരീക്ഷണകേന്ദ്രം നിർവീര്യമാക്കാൻ കിം തയ്യാറായെങ്കിലും അതിനായി സാമ്പത്തിക ഉപരോധം നീക്കണമെന്ന ഉപാധി യു.എസിന് സ്വീകാര്യമാവാത്തതായിരുന്നു കാരണം.