അന്താരാഷ്ട്ര ഉപരോധങ്ങളും കൊറോണ വൈറസും മൂലം വെല്ലുവിളികള്‍ നേരിടുന്ന ഉത്തര കൊറിയയുടെ സാമ്പത്തിക വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഈ ആഴ്ച പുറത്തിറക്കിയ സർക്കാർ നിർമ്മിച്ച വീഡിയോയുടെ ഹൈലൈറ്റ്.
അടുത്തിടെ പൊതുപരിപാടിയില്‍ ഭാര്യാ സമേതം വന്നതിന് പിന്നാലെ ഉത്തര കൊറിയയില്‍ വന്‍ പ്രചാരണം നേടി വെള്ളക്കുതിരയ്ക്ക് മുകളിലിരുന്ന് വനത്തിലൂടെ കുതിക്കുന്ന കിം ജോങ് ഉന്നിന്‍റെ (Kim Jong Un) വീഡിയോ (Propaganda Video). ഉത്തര കൊറിയയുടെ പുതിയ പ്രചരണ വീഡിയോയിലാണ് ഉത്തരകൊറിയൻ നേതാവ് വെള്ളക്കുതിരപ്പുറത്ത് വരുന്ന ദൃശ്യങ്ങളുള്ളത്. തന്‍റെ ഭരണത്തിന്‍റെ കീഴിലുള്ള സാമ്പത്തിക നേട്ടത്തെ ഉയര്‍ത്തിക്കാട്ടുന്നതാണ് പ്രചരണ വീഡിയോ. അടുത്തിടെ പരീക്ഷിച്ച മിസൈലുകളേക്കുറിച്ച് എന്നാല്‍ വീഡിയോയില്‍ പരാമര്‍ശമേയില്ലെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏഴ് ആയുധ പരീക്ഷണങ്ങൾ നടത്തിയാണ് പ്യോങ്‌യാങ് ഈ വര്‍ഷം ആരംഭിച്ചത്. 2017ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ മിസൈല്‍ പരീക്ഷണവും ഇതില്‍പ്പെടും. ഈ മിസൈല്‍ പരീക്ഷണം ആണവ പരീക്ഷണം പുനരാരംഭിക്കുകയാണെന്ന് ധാരണ പടര്‍ത്തിയിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങളും കൊറോണ വൈറസും മൂലം വെല്ലുവിളികള്‍ നേരിടുന്ന ഉത്തര കൊറിയയുടെ സാമ്പത്തിക വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഈ ആഴ്ച പുറത്തിറക്കിയ സർക്കാർ നിർമ്മിച്ച വീഡിയോയുടെ ഹൈലൈറ്റ്. രാജ്യത്തെ ജനങ്ങളോടുള്ള കിമ്മിന്‍റെ അർപ്പണബോധവും കഠിനാധ്വാനവുമാണ് ഡോക്യുമെന്‍ററിയുടെ പ്രധാന ഭാഗം.
കിം കുടുംബത്തിന്റെ രാജവംശ ഭരണത്തിന്റെ പ്രധാന പ്രതീകമാണ് വെള്ളക്കുതിര. രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം എന്ന കോഡോട് കൂടിയാണ് പ്രൊപ്പഗാന്‍ഡ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. കഠിന പ്രയത്നം നേതാവിന്‍റെ ആരോഗ്യത്തെ വരെ ബാധിക്കുന്നത് വിശദമാക്കുന്നതാണ് വീഡിയോയിലെ ചില രംഗങ്ങള്‍. കിമ്മിന് കൂടുതല്‍ മനുഷ്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് വീഡിയോയിലൂടെ ചെയ്യുന്നതെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് കൊറിയൻ സ്റ്റഡീസിലെ പ്രൊഫസറായ യാങ് മൂജിൻ എഎഫ്പിയോട് പ്രതികരിച്ചത്.
പലപ്പോഴും അമിതമായി ജോലി ചെയ്യുന്നത് മൂലം ക്ഷീണിക്കുന്നതായി കാണിക്കാനും ജനങ്ങളെ വളരെയധികം സ്നേഹിക്കുന്ന നേതാവായും കാണിക്കാനുമുള്ള ശ്രമമാണ് വീഡിയോയില്‍ ഉള്ളതെന്നാണ് യാങ് മൂജിൻ പറയുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കെസിടിവി ഈ ആഴ്ച പുറത്തുവിട്ട കിമ്മിന്റെ മറ്റ് വീഡിയോകളിൽ കിമ്മും ഭാര്യ റി സോൾ ജുവും ബന്ധു കിം ക്യോങ് ഹുയിയും ഒരു തിയേറ്റർ പരിപാടിയിൽ പങ്കെടുക്കുന്നതും കാണിച്ചിരുന്നു. കിം ക്യോങ് ഹുയി നേരത്തെ മരിച്ചതായും പ്രചാരണമുണ്ടായിരുന്നു. ഇതിനിടയിലാണ് ഇവര്‍ പൊതുവേദിയിലെത്തിയത്.
