കിം റഷ്യയില്‍ നിന്ന് മടങ്ങിയത് 'പൊട്ടിത്തെറി'ക്കുന്ന സമ്മാനങ്ങളുമായി; വന്നതും പോയതും ട്രെയിനില്‍
കൊവിഡ് വ്യാപനത്തിനു ശേഷമുള്ള കിമ്മിന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമായിരുന്നു ഇത്

മോസ്കോ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആറ് ദിന റഷ്യന്‍ സന്ദര്‍ശനത്തിന് സമാപനം. സന്ദര്‍ശനത്തിനിടെ അഞ്ച് സായുധ ഡ്രോണുകളും ഒരു നിരീക്ഷണ ഡ്രോണും ബുള്ളറ്റ് പ്രൂഫ് കവചവും കിമ്മിന് സമ്മാനമായി ലഭിച്ചു.
കൊവിഡ് വ്യാപനത്തിനു ശേഷമുള്ള കിമ്മിന്‍റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനമായിരുന്നു ഇത്. മോസ്കോയും പ്യോങ്‌യാങ്ങും ഉപരോധം ലംഘിച്ച് ആയുധ ഇടപാട് നടത്തുമോയെന്ന ആശങ്കയിലായിരുന്നു അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. യുക്രെയിനിൽ യുദ്ധം തുടരാൻ ഉത്തര കൊറിയയില്‍ നിന്ന് വെടിക്കോപ്പുകള്‍ വാങ്ങാന്‍ റഷ്യ താത്പര്യം കാണിക്കുന്നതായി പാശ്ചാത്യ രാജ്യങ്ങള്‍ വിലയിരുത്തി. അതേസമയം മിസൈൽ പദ്ധതി വികസിപ്പിക്കുന്നതിന് റഷ്യയുടെ സഹായം ഉത്തര കൊറിയ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ അത്തരം കരാറുകളില്‍ ഒപ്പിട്ടിട്ടില്ലെന്ന് ക്രെംലിൻ പ്രതികരിച്ചു.
ശനിയാഴ്ച വ്ലാഡിവോസ്‌റ്റോക്കിൽ റഷ്യൻ പ്രതിരോധ മന്ത്രിയെ കണ്ട കിം, ഹൈപ്പർസോണിക് മിസൈൽ സംവിധാനം ഉൾപ്പെടെ റഷ്യയുടെ അത്യാധുനിക ആയുധങ്ങൾ പരിശോധിച്ചു. കിം റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍ സന്ദര്‍ശിച്ചു. റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. കിം ഫാർ ഈസ്‌റ്റേൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും സന്ദർശിച്ചു. പ്രാദേശിക ഓഷ്യനേറിയത്തിൽ വാൽറസ് ഷോ കണ്ട് ആഹ്ളാദിക്കുകയും ചെയ്തു.
കിമ്മിന്‍റെ റഷ്യന്‍ സന്ദര്‍ശനത്തെയും റഷ്യയുമായുള്ള സഹകരണത്തെയും പുതിയ പ്രതാപകാലം എന്നാണ് ഉത്തര കൊറിയ വിശേഷിപ്പിച്ചത് "ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിൽ സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും പുത്തൻ പ്രതാപകാലം തുറക്കുകയാണ്." അതേസമയം നിയമവിരുദ്ധവും അന്യായവും എന്നാണ് റഷ്യ - ഉത്തര കൊറിയ സൈനിക പങ്കാളിത്തത്തെ ദക്ഷിണ കൊറിയ വിശേഷിപ്പിച്ചത്.
കിം റഷ്യയിലേക്ക് വന്നതും തിരിച്ചുപോയതും ട്രെയിനിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ക്ഷണ പ്രകാരമായിരുന്നു റഷ്യയിലെ ഔദ്യോഗിക സന്ദർശനം. കിമ്മും പുടിനും കൂടിക്കാഴ്ചക്കിടെ പരസ്പരം തോക്കുകള്‍ സമ്മാനിച്ചതും വാര്‍ത്തയായിരുന്നു.