Asianet News MalayalamAsianet News Malayalam

കിം - ട്രംപ് നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; ആണവ നിരായുധീകരണം ചര്‍ച്ചയാകും

കൂടിക്കാഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. ഇന്നലെ നടന്നത് സൗഹൃദ കൂടിക്കാഴ്ചയായിരുന്നെങ്കില്‍ ഇന്നാണ് ഔദ്യോഗിക ചർച്ചകൾ നടക്കുക. 
 

kim trump summit non proliferation of nuclear weapons discuss today
Author
Vietnam, First Published Feb 28, 2019, 9:25 AM IST

വിയറ്റ്നാം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വിയറ്റ്നാമിലെ ഹാനോയിൽ നടക്കും. കൂടിക്കാഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ആണവ നിരായുധീകരണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. നല്ല ഒത്തുചേരലായിരുന്നെന്ന് ഇന്നലെ നടന്ന ചർച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ നടന്നത് സൗഹൃദ കൂടിക്കാഴ്ചയായിരുന്നെങ്കില്‍ ഇന്നാണ് ഔദ്യോഗിക ചർച്ചകൾ നടക്കുക. 

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഉത്തരകൊറിയൻ പ്രതിനിധി കിം യോങ് ചോയ് എന്നിവരും നേതാക്കൾക്കൊപ്പമുണ്ട്. ചർച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറിൽ ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്. ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനമാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ആണവ നിരായൂധീകരണം സാധ്യമായാൽ ഉത്തരകൊറിയക്ക് വൻസാമ്പത്തിക ശക്തിയാകാമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂരിൽ വച്ച് നടന്ന രണ്ട് നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച അവസാനിച്ചത് ആണവ നിരായുധീകരണ ധാരണയിലാണെങ്കിലും അതിൽ വ്യക്തതയുണ്ടായിരുന്നില്ല. ചില ആണവ പരീക്ഷണശാലകൾ നശിപ്പിക്കുക മാത്രമാണ് വടക്കൻ കൊറിയ ചെയ്തത്. ഈ നടപടിയിൽ വ്യാപക അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇത്തവണ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തതവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

കൂടിക്കാഴ്ച നടക്കുന്നത് വിയറ്റ്നാമിലാണെന്നതിലും ചില സൂചനകളുണ്ട്. അമേരിക്കയുടെ ശത്രുവായിരുന്ന വിയറ്റ്നാം മിത്രമായശേഷം വൻ പുരോഗതിയാണ് കൈവരിച്ചത്. തന്‍റെ മുത്തച്ഛൻ പണ്ട് വന്നതുപോലെ സ്വന്തം ട്രെയിനിൽ 4000 ലധികം കിലോമീറ്റ‌ർ സഞ്ചരിച്ച് ചൈന കടന്നാണ് കിമ്മും വിയറ്റ്നാമിൽ എത്തിയിരിക്കുന്നത്. ട്രയിൻ കടന്നുപോവുന്ന വഴിയിലെ റോഡുകളും ട്രെയിൻ സ്റ്റേഷനുകളും അടച്ച് ചൈന  കിമ്മിന് സുരക്ഷ ഒരുക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios