വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പോ കൊലപാതകമാണെന്ന് സംശയിക്കുന്ന വിധത്തിലുള്ള തെളിവുകളോ ലഭിച്ചിട്ടില്ല. 

ലോസ് ഏഞ്ചല്‍സ്: കൊറിയന്‍ പോപ് ഗായികയും നടിയുമായ സുല്ലിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയിലെ സിയോളിലുള്ള വീട്ടിലാണ് ഗായികയുടെ മൃതദേഹം കണ്ടെത്തിയത്. സുല്ലിയുടെ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ചോയ് ദിന്‍ രി എന്നാണ് 25 -കാരിയായ സുല്ലിയുടെ യഥാര്‍ത്ഥ പേര്. കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു സുല്ലിയെന്നാണ് ഇവരുടെ മാനേജര്‍ പറയുന്നത്. ആത്മഹത്യക്കുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അസ്വാഭാവികതയോ ആത്മഹത്യാ കുറിപ്പോ കണ്ടെത്താനായിട്ടില്ല. 2005-ല്‍ ബാലതാരമായാണ് സുല്ലി കൊറിയന്‍ സിനിമയുടെ ഭാഗമാകുന്നത്.