ഭീകരവാദ സംഘത്തെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കുവൈത്ത്. ഇത്തരം പ്രചാരണങ്ങൾക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തികഞ്ഞ സുതാര്യതയോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്.

കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിൽ ഭീകരവാദ സംഘത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രചാരണങ്ങൾക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തികഞ്ഞ സുതാര്യതയോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ സംബന്ധമായി എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടായാൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ജനങ്ങളെ വിവരമറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിലൂടെ മാത്രം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

മന്ത്രാലയത്തിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഭരണകൂടത്തിന്‍റെ പ്ലാറ്റ്‌ഫോമുകളുമാണ് ഔദ്യോഗിക വാർത്താ സ്രോതസ്സുകൾ. പൊതുജന താല്പര്യങ്ങൾക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിൽ വ്യാജ വാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇറാൻ-അമേരിക്ക സംഘർഷം

അതേസമയം ഇറാൻ -അമേരിക്ക സംഘർഷത്തിന് താൽക്കാലിക വിരാമമെന്ന് സൂചന. കൂടുതൽ അക്രമണങ്ങൾക്ക് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയില്ലെന്ന് റിപ്പോർട്ട്. അതേസമയം, ഹോർമുസ് വിഷയത്തിൽ ഒമാൻ - ഇറാൻ ചർച്ചകളിൽ പുരോഗതി. ഈ ആഴ്ച കരാർ ഉണ്ടായേക്കും. ആക്രമണം വ്യാപിപ്പിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ അമേരിക്ക തടഞ്ഞുവെന്നും റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളി ആയിട്ടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് കുവൈത്ത് തള്ളി. അതേസമയം, പുതിയ സംഘർഷങ്ങളിൽ അമേരിക്കയുടെ 11 പോർ വിമാനങ്ങൾ തകർത്തെന്ന് ഇറാൻ അവകാശവാദമുന്നയിച്ചു. മൊത്തം 200 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് ഐആർജിസി അവകാശവാദം. ഇനിയും പിന്തുണ തുടന്നാൽ ബ്രിട്ടനെ ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.