ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് കുവൈത്ത് പ്രധാനമന്ത്രി. പരിക്കേറ്റവരുടെ അവസ്ഥകൾ നിരന്തരം നിരീക്ഷിക്കാനും അവർ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും നൽകാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
കുവൈത്ത് സിറ്റി: കുവൈത്തിലെ തന്ത്രപ്രധാനമായ സിവിലിയൻ-ഔദ്യോഗിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ പരിക്കേറ്റ് അൽ-അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കുവൈത്ത് പ്രധാനമന്ത്രി ഹിസ് ഹൈനസ് ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് നേരിട്ടെത്തി സന്ദർശിച്ചു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിക്കൊപ്പമാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ അദ്ദേഹം അവർക്ക് നൽകുന്ന വൈദ്യസഹായത്തിന്‍റെ വിവരങ്ങളും നേരിട്ട് ചോദിച്ചറിഞ്ഞു.
പരിക്കേറ്റവരുടെ അവസ്ഥകൾ നിരന്തരം നിരീക്ഷിക്കാനും അവർ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും നൽകാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. പരിക്കേറ്റവർക്കായി ലഭ്യമായ എല്ലാ അത്യാധുനിക മെഡിക്കൽ-സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്താനും അവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
കുവൈത്ത് പവർ പ്ലാന്‍റിൽ തീപിടിത്തം
കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്‍റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തെത്തുടർന്ന് പ്ലാന്‍റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കുകയും രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്‍റെ സ്ഥിരത നിലനിർത്താനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു.


