വ്യാജവാര്‍ത്ത രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെ കുവൈത്ത് വിശദീകരണവുമായി രംഗത്തെത്തി.
കുവൈത്ത് സിറ്റി: അറബ് മേഖലയിൽ ഇറാൻ-അമേരിക്ക സംഘർഷം യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കേ ഇറാന്‍റെ അയൽ രാജ്യമായ കുവൈത്തിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസി കുനയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിച്ചു. കുവൈത്തിൽ നിന്നും അമേരിക്ക സൈന്യത്തെ പിൻവലിച്ചെന്ന വാർത്തയാണ് പുറത്ത് വന്നത്. വ്യാജവാര്‍ത്ത രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെ കുവൈത്ത് വിശദീകരണവുമായി രംഗത്തെത്തി. കുനയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അമേരിക്കൻ സേനയെ കുവൈത്തിൽ നിന്ന് പിൻവലിക്കുമെന്ന വാർത്ത തെറ്റാണെന്നും കുവൈത്ത് സർക്കാർ വക്താവ് വ്യക്തമാക്കി.
ഇറാൻ അമേരിക്ക സംഘർഷത്തിന്‍റെ ഭാഗമായി 4000 അമേരിക്കൻ സൈനികരാണ് കുവൈത്തിൽ കഴിഞ്ഞ ദിവസം അധികമായി എത്തി ചേർന്നത്. അതിനിടെ മേഖലയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കേ കുവൈത്ത് 6 മാസത്തേക്ക് വേണ്ട മരുന്നും ഭക്ഷ്യ വസ്തുക്കളും കരുതിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കൾ കരുതിയിരിക്കുന്നത്. ഇവയ്ക്ക് പുറമെ മറ്റ് അവശ്യവസ്തുക്കളും കരുതിയിട്ടുണ്ട്. മേഖലയിലെ ഏത് സാഹചര്യവും നേരിടുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
