പാകിസ്ഥാനിലെ ലാഹോർ സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ നിന്ന് രണ്ട് ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും മോഷണം പോയി. ജഡ്ജിയുടെ റീഡർ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസംബർ 5-നാണ് ഈ വിചിത്രമായ സംഭവമുണ്ടായത്.
ഇസ്ലാമാബാദ്: ലാഹോർ സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ നിന്ന് രണ്ട് ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും മോഷണം പോയെന്ന പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ജഡ്ജിയുടെ ചേംബറിൽ നിന്നാണ് ഇവ മോഷണം പോയതെന്ന് പാക് പൊലീസ് അറിയിച്ചു. ലാഹോറിലെ ഇസ്ലാംപുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജഡ്ജിയുടെ റീഡർ നൽകിയ പരാതിയിലാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് താൻ പരാതി നൽകിയതെന്ന് റീഡർ അറിയിച്ചു.
ഡിസംബർ 5-നാണ് ഈ വിചിത്രമായ സംഭവമുണ്ടായത്. അഡീഷണൽ സെഷൻസ് ജഡ്ജി നൂർ മുഹമ്മദ് ബസ്ഫാലിന്റെ ചേംബറിൽ നിന്ന് രണ്ട് ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും മോഷണം പോയതെന്ന് എഫ്‌ഐആറിൽ പറയുന്നു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ആകെ വില 1,000 പാകിസ്താൻ രൂപയെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ പീനൽ കോഡിലെ 380-ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ്, പിഴ, അല്ലെങ്കിൽ രണ്ടും ലഭിക്കാൻ സാധ്യതയുണ്ട്. ഈ സംഭവത്തെ പാകിസ്ഥാനിലെ ‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’ എന്നാണ് ഒരു മനുഷ്യാവകാശ പ്രവർത്തകൻ പരിഹാസത്തോടെ വിശേഷിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു.


