വാഷിംഗ്ടണ്‍: കൊറോണ നിയന്ത്രിക്കാനുള്ള നടപടികളിലാണ അമേരിക്ക. അമേരിക്കയിലെ തൊഴില്‍ രംഗത്ത് ഇപ്പോള്‍ സ്തംഭനാവസ്ഥയാണ്. ലോക്ക്ഡൗണ്‍ മൂലം പലര്‍ക്കും ജോലിയും ശമ്പളവുമില്ല. ഈ സാഹചര്യം മുതലെടുത്ത് യുഎസിലെ ഹവായിയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും ചൂഷണം നേരിടേണ്ടി വരുന്നതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിട ഉടമകള്‍ക്ക് വാടകയ്ക്ക് പകരമായി സ്ത്രീകളെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഇത്തരത്തില്‍ നിരവധി പരാതികളാണ് ഉയരുന്നതെന്ന് ഹവായ് സ്റ്റേറ്റ് വനിതാ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാറ ജബോള കാര്‍ലസ് പറഞ്ഞു. ഈ പദവിയില്‍ ചുമതലയേറ്റ് രണ്ട് വര്‍ഷമായി ആദ്യമായാണ് പരാതികളുടെ എണ്ണത്തില്‍ ഇത്തരത്തില്‍ വര്‍ദ്ധനയുണ്ടാകുന്നതെന്ന് അവര്‍ വ്യക്തമാക്കി. 

ചില കെട്ടിട ഉടമകള്‍ വാടകയ്ക്ക് പകരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തുറന്നുപറയുകയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ഇത്തരം തുറന്നുപറച്ചിലൊന്നുമില്ലാതെ വാടകക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നു. 

വാടക സംബന്ധിച്ച കാര്യം മൊബൈല്‍ ചാറ്റിങ്ങിലൂടെ പറയുന്നതിനിടെ ഒരു സ്ത്രീക്ക് അവരുടെ കെട്ടിട ഉടമ ലൈംഗികാവയവത്തിന്റെ ചിത്രം അയച്ചുനല്‍കിയ സംഭവമുണ്ടായി. ചില കെട്ടിട ഉടമകള്‍ വാടകക്കാരെ സ്വന്തം അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ക്ഷണിക്കുന്നു കാര്‍ലസ് പറഞ്ഞു.