ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം തുടരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സമീർദാസ് ആണ് വെട്ടേറ്റു മരിച്ചത്. മൂന്നാഴ്ചക്കിടെ നടന്ന എട്ടാമത്തെ കൊലപാതകമാണിത്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാകുന്നു.
ധാക്ക: ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. ദഗന്‍ ഭുയാനിലാണ് 28കാരനെ തല്ലിയും വെട്ടിയും കൊന്നത്. മൂന്നാഴ്ചക്കിടെ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിക്കുന്ന ബംഗ്ലാദേശ് അക്രമസംഭവങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവുമൊടുവിലെത്തേതാണിത്. 28 കാരനായ സമീര്‍ദാസെന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കൊല ചെയ്യപ്പെട്ടത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സമീറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയും കത്തിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അന്ന് തന്നെ ഗായകനും അവാമി ലീഗ് പ്രവര്‍ത്തകനുമായ പ്രൊലൊയ് ചകിയും കൊല്ലപ്പെട്ടു. പൊലീസ് കസ്റ്റഡിയിലായിരുന്നു മരണം. പ്രാദേശിക സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കൊണ്ടു പോയ പ്രോലൊയ് കസ്റ്റഡിയില്‍ മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് കിട്ടിയത്. മര്‍ദ്ദിച്ചു കൊന്നുവെന്ന ആക്ഷേപം പൊലീസ് നിഷേധിച്ചു. സമീര്‍ ദാസ് കൊല്ലപ്പെട്ട വിവരം ഇന്നെല വളരെ വൈകിയാണ് പൊലീസ് പുറത്ത് വിട്ടത്.
പ്രതികളില്‍ ഒരാളെ പോലും പിടികൂടാനായിട്ടില്ല. പലയിടത്തും നടക്കുന്ന അക്രമ സംഭവങ്ങള്‍ പോലീസ് പുറത്ത് വിടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഹിന്ദുക്കള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂയെന്നും കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേ സമയം താരിഖ് റഹ്മാന്‍ നയിക്കുന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിക്ക് ഇന്ത്യ പിന്തുണയറിയിച്ചതില്‍ ഇടക്കാല സര്‍ക്കാരിന് കടുത്ത അമര്‍ഷമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പ്രതികരണത്തെ മുഖവിലക്കെടുന്ന സമീപനമല്ല സര്‍ക്കാരിന്‍റേത്. ഫെബ്രുവരി 12ന് നടക്കുന്ന തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റം ഉണ്ടായാല്‍ സാഹചര്യം മെച്ചപ്പെടുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
അതിനിടെ, ഇന്ത്യ വേദിയാകുന്ന ട്വന്‍റി 20 ലോകകപ്പിനായി ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ തർക്കം വരാനിരിക്കുന്ന ടി20 ലോകകപ്പിന്‍റെ നടത്തിപ്പിനെപ്പോലും ബാധിച്ചിരിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റെക്കോർഡ് തുകയ്ക്ക് (9.2 കോടി രൂപ) സ്വന്തമാക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ നിർദ്ദേശം നൽകിയതാണ് തർക്കങ്ങളുടെ തുടക്കം.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ നടപടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് പ്രേമികളെയും സർക്കാരിനെയും പ്രകോപിപ്പിച്ചു. ഇതോടെ ഫെബ്രുവരിയിൽ ഇന്ത്യയും ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ഐസിസി തള്ളി. നിലവിലെ ഷെഡ്യൂളിൽ മാറ്റമില്ലെന്നും ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പോയിന്‍റുകൾ നഷ്ടപ്പെടുമെന്നും ഐസിസി അറിയിച്ചു.


