'ആ സ്ഥലം ഇപ്പോഴൊരു പള്ളിയല്ല, ഇന്ത്യയുടെ ആക്രമണത്തിൽ അത് പൂർണ്ണമായും തകർന്നു'- ഹാഫിസ് പറഞ്ഞു. അമേരിക്ക രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവാണ് ഹാഫിസ് അബ്ദുൽ റൗഫ്.
ദില്ലി: പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ തങ്ങളുടെ കേന്ദ്രങ്ങൾ തകർത്തുവെന്ന് പരസ്യമായി സമ്മതിച്ച് ലഷ്കറെ തൊയ്ബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫ്. ഇന്ത്യയുടെ ആക്രമണത്തിൽ ഭീകരവാദ കേന്ദ്രങ്ങൾ തകർന്നില്ലെന്ന പാകിസ്ഥാൻറെ വാദങ്ങളെ പൊളിക്കുന്നതാണ് തീവ്രവാദ സംഘടനയായ ലഷ്കറെ തൊയ്ബ കമാൻഡർ ഹാഫിസ് അബ്ദുൽ റൗഫിന്‍റെ വെളിപ്പെടുത്തൽ. മേയ് 6,7 തീയതികളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനിലെ മുരിദ്‌കെയിലുള്ള ലഷ്‌കർ ആസ്ഥാനമായ മർകസ്-ഇ-തയ്ബ പൂർണമായും തകർന്നെന്ന് റൗഫ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വളരെ വലിയ ആക്രമണമായിരുന്നു ഇന്ത്യ നടത്തിയതെന്നും തങ്ങളുടെ കെട്ടിട സമുച്ചയം പൂർണ്ണമായും തകർന്നെന്നും റൗഫ് പറഞ്ഞു. 'ആ സ്ഥലം ഇപ്പോഴൊരു പള്ളിയല്ല, ഇന്ത്യയുടെ ആക്രമണത്തിൽ അത് പൂർണ്ണമായും തകർന്നു'- ഹാഫിസ് പറഞ്ഞു. അമേരിക്ക രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദ നേതാവാണ് ഹാഫിസ് അബ്ദുൽ റൗഫ്. പാക് അധിനിവേശ കശ്മീരിലെ പാകിസ്ഥാൻ സൈന്യം സ്പോൺസർ ചെയ്യുന്ന ലോഞ്ച്പാഡുകളിൽ നിന്ന് തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലേക്ക് വിക്ഷേപിക്കുന്നതിലും നേതൃത്വം നൽകിയിരുന്നത് റൗഫ് ലഷ്‌കറിന്റെ ഓപ്പറേഷണൽ കമാൻഡറായിരുന്ന ഹാഫിസാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്ക പ്രാർഥനകൾക്കും ഹാഫിസാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പാക് സൈന്യവും ലഷ്‌കറും ചൈനീസ് ആയുധങ്ങളും ഉപകരണങ്ങളും ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ ഉപയോഗിച്ചതായും ഹാഫിസ് പരസ്യമായി സമ്മതിച്ചു. പാകിസ്ഥാനിൽ ജിഹാദിന് തുറന്ന സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ലോകത്തെവിടെയുമുള്ളതിനേക്കാൾ എളുപ്പത്തിൽ ഇവിടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും കഴിയുമെന്നും റൗഫ് അവകാശപ്പെട്ടു. സർക്കാർ തീരുമാനിച്ചതുകൊണ്ടാണ് നമുക്കിത് ചെയ്യാൻ കഴിയുന്നത് എന്നാണ് ഹാഫിസ് പറയുന്നത്. തീവ്രവാദ ഗ്രൂപ്പുകൾക്ക് പാക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദം ബലപ്പെടുത്തുന്നതാണ് ഹാഫിസിന്‍റെ വെളിപ്പെടുത്തൽ.


