26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായി എന്ന നിലയിലും ഇയാൾ കുപ്രസിദ്ധനായിരുന്നു.

ദില്ലി: ലഷ്‌കർ-ഇ-തൊയ്ബയിലെ ഉന്നത ഭീകരനായ അബു ഖത്തൽ (ഖതൽ സിന്ധി) പാകിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി അജ്ഞാതർ വെടിവച്ച് കൊല്ലുകയായിരുന്നു കൊന്നു. ജമ്മു കശ്മീരിൽ ഒന്നിലധികം ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഖത്തൽ. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായി എന്ന നിലയിലും ഇയാൾ കുപ്രസിദ്ധനായിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ പിന്തുർന്നുവരികെയാണ് അബു ഖത്തൽ കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിലെ റാസി ജില്ലയിൽ ശിവഖോരി ക്ഷേത്രത്തിൽ തീർഥാടനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ബസിന് നേരെ ജൂൺ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നൽകിയതും ഖത്തലാണെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. 2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ അബു ഖത്തലും ഉൾപ്പെട്ടിരുന്നു.

രജൗരിയിലെ ദാംഗ്രി ​ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച കുൽഭൂഷൻ യാദവിനെ പിടികൂടാൻ സഹായിച്ച മതപണ്ഡിതനും പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.