മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്‍റെ സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്‌കാര ചടങ്ങിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗത്തിലെ ഉന്നത നേതാക്കൾ പങ്കെടുത്തതായി റിപ്പോർട്ട്

ദില്ലി: മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്‍റെ സഹോദരൻ ഷാഹിദ് അക്തറിന്‍റെ സംസ്‌കാര ചടങ്ങിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്ട്രീയ വിഭാഗത്തിലെ ഉന്നത നേതാക്കൾ പങ്കെടുത്തതായി റിപ്പോർട്ട്. പാകിസ്ഥാനിൽ ഭീകരർക്ക് ഇപ്പോഴും സുരക്ഷിത താവളമൊരുക്കുന്നു എന്ന ആഗോള ആശങ്കകളെ കൂടുതൽ ദൃഢമാക്കുന്നതാണ് ഈ സംഭവം. മുംബൈ ഭീകരാക്രമണത്തിന്‍റെ (26/11) സൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിന്‍റെ അടുത്ത കൂട്ടാളികളാണ് ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. ലഷ്‌കറിന്‍റെ രാഷ്ട്രീയ മുഖമായ പാകിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ചടങ്ങിൽ പങ്കെടുത്ത ഭീകരർ പ്രാർത്ഥനയ്ക്കായി വരിനിൽക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പി.എം.എം.എൽ. ഇസ്ലാമാബാദ് മേധാവി ഇനാം-ഉർ-റഹ്മാൻ കാംബോ, സംഘടനയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള തൂർ, സോണൽ ജനറൽ സെക്രട്ടറി ഹാഫിസ് ഉമർ, ഖിദ്മത് കമ്മിറ്റി ചെയർമാൻ അംജദ് ഭട്ടി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് ഷാഹിദ് അക്തർ അന്തരിച്ചത്. സഹോദരന്‍റെ വിയോഗ വാർത്ത ഷുഐബ് അക്തർ സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, തന്‍റെ സഹോദരന്‍റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ നേതാക്കൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളോട് അക്തർ ഇതുവരെ പ്രതികരിച്ചിട്ടില്ല.