90 യാത്രക്കാർക്കും നാല് ജീവനക്കാർക്കും സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബോട്ടിൽ ഏകദേശം 120-ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ 12 പേർ കുട്ടികളാണെന്നും പറയുന്നു.
ഹരാരെ: ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ ബോട്ട് മുങ്ങി 44 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 77-ഓളം പേരെ രക്ഷിച്ചു. സാംബിയൻ അതിർത്തിയോട് ചേർന്നുള്ള കരിബ തടാകത്തിലാണ് അപകടം.
90 യാത്രക്കാർക്കും നാല് ജീവനക്കാർക്കും സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബോട്ടിൽ ഏകദേശം 120-ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ 12 പേർ കുട്ടികളാണെന്നും പറയുന്നു.
44 പേരുടെ മൃതദേഹങ്ങൾ തടാകത്തിൽനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സിംബാബ്‍വെ പ്രസിഡന്റ് എമേഴ്സൺ നാംൻഗാഗ്വ കരിബയിലെ ബോട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററും സൈനിക ബോട്ടുകളും അടക്കം എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയതായും ഭരണകൂടം അറിയിച്ചു. അതിനിടെ, ബോട്ട് യാത്രതിരിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങളും ബോട്ടിലെ ആൾത്തിരക്ക് വ്യക്തമാക്കുന്ന ചില ദൃശ്യങ്ങളും ജനപ്രതിനിധികളടക്കം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകങ്ങളിലൊന്നാണ് സിംബാബ്‍വെയിലെ കരിബ തടാകം. സിംബാബ്‍വെയുടെയും സാംബിയയുടെയും അതിർത്തിയിലുള്ള ഈ തടാകത്തിൽ രണ്ട് രാജ്യങ്ങൾക്കുമായുള്ള ജലവൈദ്യുത പദ്ധതികളുമുണ്ട്.