കൗമാര പ്രണയത്തിനിടെ 16 നും 18 നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നൽകിയെന്ന് കണ്ടെത്തിയാൽ ഈ വകുപ്പ് പ്രാകാരം പോക്സോ നിയമത്തിലെ 10 വർഷമെന്ന ശിക്ഷയേക്കാൾ കുറഞ്ഞ ശിക്ഷ ആൺകുട്ടിക്ക് നൽകുന്നത് സംബന്ധിച്ച് കോടതികൾക്ക് തീരുമാനമെടുക്കാനുള്ള മാർഗ നിർദ്ദേശങ്ങളാണ് നിയമ കമ്മീഷൻ മുന്നോട്ട് വച്ചത്.


ദില്ലി: പോക്സോ വകുപ്പിൽ സെക്ഷൻ നാല് പ്രകാരമുള്ള കുറ്റം ചുമത്തി ശിക്ഷ നൽകുന്നതിൽ ഭേദഗതി നിർദ്ദേശിച്ച ദേശീയ നിയമ കമ്മീഷൻ. കൗമാരപ്രണയം, വിവാഹം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെട്ട പോക്സോ കേസുകളിൽ പലതിലും ആൺകുട്ടി ജയിലിലാവുകയും പെൺകുട്ടി ദുരിതത്തിലാവുന്നതും ഒഴിവാക്കുന്നതിനായി ശിക്ഷ കുറയ്ക്കുന്ന ഭേദഗതിക്കാണ് ദേശീയ നിയമ കമ്മീഷന്‍റെ ശുപാർശ വന്നിരിക്കുന്നത്. പതിനാറ് വയസിന് മുകളിൽ പ്രായമുള്ള ഇരയുടെയും പ്രതിയുടെയും കാര്യത്തിൽ മാത്രമാണ് ഈ ശുപാർശ. 

കൗമാര പ്രണയത്തിനിടെ 16 നും 18 നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നൽകിയെന്ന് കണ്ടെത്തിയാൽ ഈ വകുപ്പ് പ്രാകാരം പോക്സോ നിയമത്തിലെ 10 വർഷമെന്ന ശിക്ഷയേക്കാൾ കുറഞ്ഞ ശിക്ഷ ആൺകുട്ടിക്ക് നൽകുന്നത് സംബന്ധിച്ച് കോടതികൾക്ക് തീരുമാനമെടുക്കാനുള്ള മാർഗ നിർദ്ദേശങ്ങളാണ് നിയമ കമ്മീഷൻ മുന്നോട്ട് വച്ചത്. കൗമാര പ്രണയവും തുടർന്നുള്ള ശാരീരിക ബന്ധവും ഉൾപ്പെടെയുള്ള പല കേസുകളിലും രാജ്യത്തെ കോടതികൾക്ക് മുന്നിൽ എത്തുമ്പോൾ ഉണ്ടാകുന്ന നിയമ വിഷയങ്ങളിൽ പരിഹാരം കാണാനാണ് നിയമ കമ്മീഷന്‍റെ പുതിയ ശുപാർശ. ഇങ്ങനെയുള്ള കേസുകള്‍ കോടതികൾ പരിഗണിക്കുമ്പോൾ കേസിന്‍റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിൽ പോക്സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന ശുപാർശാണ് കമ്മീഷൻ നൽകിയതെന്നാണ് വിവരം.

കേസുകളിൽ വിധി പറയുന്നതിന് മുൻപ് കോടതികൾ പരിഗണിക്കേണ്ട സാഹചര്യങ്ങളെ കുറിച്ചും നിയമ കമ്മീഷൻ വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നു. പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം മൂന്നര വയസിൽ കൂടാൻ പാടില്ല, ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പെൺകുട്ടിയുടെ മൗനാനുവാദം ഉണ്ടായിരുന്നോ? പ്രായപൂർത്തിയായ ശേഷം വിവാഹം ചെയ്യുന്ന സാഹചര്യം, കുടുംബാംഗങ്ങൾ വിവാഹ ബന്ധം അംഗീകരിച്ചിട്ടുണ്ടോ?, ആൺകുട്ടിയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുക. ചതി, നിയമ വിരുദ്ധ സ്വാധീനം എന്നിവയുണ്ടായിട്ടുണ്ടോ?, പെൺകുട്ടിയെ മനുഷ്യക്കടത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ടോ തുടങ്ങിയ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ച ശേഷം മാത്രമാകണം ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം കോടതികള്‍ കൈക്കൊള്ളാന്‍ പാടുള്ളൂവെന്നും നിയമ കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശയിൽ പറയുന്നു. ശുപാർശയിൽ കേന്ദ്രസർക്കാരാണ് അന്തിമ തീരുമാനം എടുക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക