കാബൂളിലെ സിഖ് ഗുരുദ്വാരയിലെ ആക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ സുരക്ഷാ സേന ഒരു പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഐ എസ് ഖൊറസ്ഥാന്‍ മേധാവിയായ മൗലവി അബ്ദുള്ള എന്ന അസ്ലം ഫറൂഖിയെ അറസ്റ്റ് ചെയ്തത്. മാർച്ച് 25-ന് വൈകീട്ടാണ് മൂന്ന് ഐഎസ് ഭീകരര്‍ കാബൂളിലെ ഹര്‍ റായി സാഹിബ് ഗുരുദ്വാരയില്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ 25 പേര്‍ മരിച്ചിരുന്നു. കാബൂളിലെ ഷോര്‍ ബസാറിന് സമീപത്തെ ധരംശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നാല് ഭീകരവാദികളും ഒരു ചാവേറുമുള്‍പ്പെടെയുള്ള സംഘമായിരുന്നു ഗുരുദ്വാര അക്രമിച്ചത്. നേരത്തെ ലക്ഷകര്‍ ഭീകരവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായിട്ടുള്ള അസ്ലം ഫറൂഖി. ഇയാള്‍ പാകിസ്ഥാന്‍ സ്വദേശിയെന്നാണ് വിവരം.