മൂക്കിപ്പൊട്ടി ചോരയൊലിച്ച് ദേഹം മുഴുവനും ചോരയിൽകുളിച്ച ചിത്രമാണ് മെലാനിയ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ലണ്ടൻ: പരസ്യമായി ചുംബിക്കാന്‍ വിസമ്മതിച്ച 'ലെസ്ബിയന്‍' പെണ്‍കുട്ടികള്‍ക്ക് ബസ്സില്‍ ക്രൂരമര്‍ദ്ദനം. മെലാനിയ ഗിയോമോനാറ്റ്, ക്രിസ് എന്നിവരെയാണ് ഒരുകൂട്ടം യുവാക്കൾ ബസ്സിൽവച്ച് ക്രൂരമർദ്ദനത്തിനിരയാക്കിയത്. ലണ്ടനിൽ മെയ് 30-നാണ് സംഭവം.
നഗരത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് യുവതികൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെക്കുറിച്ച് മെലാനിയ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മൂക്ക് പൊട്ടി ചോരയൊലിച്ച് ദേഹം മുഴുവനും ചോരയിൽ കുളിച്ച ചിത്രമാണ് മെലാനിയ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ബസ്സിൽവച്ച് മെലാനിയയും ക്രിസും ചുംബിക്കുന്നത് നാല് യുവാക്കൾ കാണാനിടയായി. ഇതേതുടർന്ന് യുവാക്കൾ ഇരുവരേയും കളിയാക്കുകയും വീണ്ടും ചുംബിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരസ്യമായി ചുംബിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാക്കൾ ഇരുവരേയും മർദ്ദിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു.
തങ്ങളെ കളിയാക്കുകയും ദേഹത്ത് നാണയം വലിച്ചെറിയുകയും അസഭ്യം വിളിക്കുകയും ചെയ്ത യുവാക്കളെ പ്രതിരോധിക്കുന്നതിനിടെ ക്രിസിനാണ് ആദ്യം മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്നാണ് ക്രിസിനെ മർദ്ദിച്ചത്. അടുത്തത് തന്റെ ഊഴമാണെന്ന് അറിയാമായിരുന്നു. ഇതാദ്യമായല്ല, ജീവിതത്തിൽ ഒത്തിരി തവണ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. എന്നാൽ ആദ്യമായാണ് തന്റെ മൂക്ക് ഇടിച്ച് ചമ്മന്തിയാക്കുന്നത്. അപ്പോഴത്തെ അവസ്ഥയിൽ നന്നായി ദേഷ്യം വന്നിരുന്നു. എന്നാൽ താൻ സന്ദർഭം വഷളാക്കാതെ കൈകാര്യം ചെയ്തു. അടുത്ത ആഴ്ച്ച തന്റെ മൂക്ക് ശരിയാക്കാൻ പോകണമെന്നും മെലാന പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികളായ നാല് പേരേയും പൊലീസ് പിടികൂടി. 15-18 വയസ്സുള്ള ചെറുപ്പക്കാരാണ് കേസിലെ പ്രതികളെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. സംഭവത്തിൽ ലണ്ടൻ മേയർ സാദ്ദിഖ് ഖാൻ, പ്രധാനമന്ത്രി തെരേസ മേയ് എന്നിവർ ഖേദം പ്രകടിപ്പിച്ചു. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും സ്‍ത്രീവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എൽജിബിടി സമൂഹത്തിനെതിരെ നടക്കുന്ന അക്രമണങ്ങൾ ലണ്ടനിൽ വച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
