ദില്ലി: എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ. ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്നും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നുമുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ഈ പ്രസ്താവന.

"ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം. ഈ അവകാശങ്ങൾക്ക് വേണ്ടി കൂടുതൽ ശക്തമായി നമുക്ക് സംസാരിക്കാം. ഇക്കാര്യങ്ങൾക്ക് മേൽ വേണ്ട ശ്രദ്ധ നമ്മൾ നൽകാതിരിക്കുമ്പോഴാണ് ലോകം കൂടുതൽ മോശമാകുന്നത്," പോംപെയോ പറഞ്ഞു.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് 2018 എന്ന പേരില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗോസംരക്ഷകരുടെ ആക്രമണവും ആള്‍കൂട്ട ആക്രമണവും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. എന്നാല്‍, റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളി. 

ഈ റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് വിദേശ രാജ്യം നല്‍കുന്ന വിശ്വാസ്യത ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അതിന്‍റെ മതേതര പാരമ്പര്യത്തില്‍ അഭിമാനിക്കുന്നു. സഹിഷ്ണുതയും വൈവിധ്യ ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്നതുമായ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയ മോദി സര്‍ക്കാറിനെ അടിസ്ഥാനമില്ലാതെ വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. 

റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന സംഭവങ്ങളില്‍ ഭൂരിഭാഗവും ചില കുറ്റവാസന മനോഭാവമുള്ളവര്‍ പ്രാദേശികമായി ചെയ്യുന്നതാണെന്ന് ബിജെപി നേതാവ് അനില്‍ ബലൂനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വതന്ത്ര്യ നീതിന്യായ വ്യവസ്ഥയും ആഴത്തിലുള്ള ജനാധിപത്യവുമാണ് ഇന്ത്യയിലുള്ളതെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണ് യുഎസ് റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.