അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കിൽ അവസാന കൊവിഡ് നിയന്ത്രണങ്ങളും എടുത്തുമാറ്റി. സംസ്ഥാന വ്യാപകമായി കരിമരുന്ന് പ്രയോഗം നടത്തിയാണ് ഈ പ്രഖ്യാപനം സംസ്ഥാനം ആഘോഷിച്ചത്.

ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കിൽ അവസാന കൊവിഡ് നിയന്ത്രണങ്ങളും എടുത്തുമാറ്റി. സംസ്ഥാന വ്യാപകമായി കരിമരുന്ന് പ്രയോഗം നടത്തിയാണ് ഈ പ്രഖ്യാപനം സംസ്ഥാനം ആഘോഷിച്ചത്. സംസ്ഥാനത്തെ 70 ശതമാനം മുതിർന്ന പൌരന്മാർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ന്യൂയോർക്ക് നിർബന്ധിത കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. ഗവർണർ ആൻഡ്രൂക്യൂമോയാണ് പ്രഖ്യാപനം നടത്തിയത്.

മറ്റ് വലിയ സംസ്ഥാനങ്ങളേക്കാൾ കൂടുതൽ മുതിർന്നവർ ന്യൂയോർക്കിൽ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇത് ചരിത്രപരമായ നാഴികക്കല്ലാണെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും പ്രഖ്യാപനം നടത്തിയ വാർത്താ സമ്മേളനത്തിൽ ക്യൂമോ വ്യക്തമാക്കി.

കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നത് തുടരും. വാണിജ്യവും സാമൂഹികവുമായ നിയന്ത്രണങ്ങൾ നീക്കും. എന്നാൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ചില നിയന്ത്രണങ്ങളുണ്ടാകും. വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ വേണ്ട. എന്നാൽ വാക്സീൻ സ്വീകരിക്കാത്തവർ രണ്ട് മാർഗനിർദേശങ്ങളും പാലിക്കണം. വാക്സിനെടുക്കാത്തവർക്ക് ചില പരിപാടികളിൽ പങ്കെടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും ക്യൂമോ വ്യക്താക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona