പെട്ടെന്ന് ഒരു വെളിച്ചവും പിന്നാലെ വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടെന്ന് യാത്രക്കാർ.
ബ്രസൽസ്: ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ മിന്നലടിച്ചു. ബ്രസൽസിൽ നിന്ന് ഹുർഗദയിലേക്ക് പോവുകയായിരുന്ന ടിയുഐ വിമാനം മിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ടിയുഐ വക്താവ് പിയറ്റ് ഡെമെയർ പറഞ്ഞു.
പെട്ടെന്ന് ഒരു വെളിച്ചവും പിന്നാലെ വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടെന്നും എന്തോ കത്തുന്നത് പോലെയുള്ള ഗന്ധം അനുഭവപ്പെട്ടെന്നും യാത്രക്കാർ പറഞ്ഞു. അടിയന്തര ലാൻഡിംഗിന് ശേഷം പുതിയ വിമാനത്തിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരെ ഹോട്ടലുകളിൽ താമസിപ്പിച്ചു. യാത്ര തുടരാൻ സാധിക്കുമായിരുന്നെങ്കിലും സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് പരിശോധനകൾ നടത്തിയെന്ന് വിമാനക്കമ്പനി അറിയിച്ചു.
അതേസമയം, ഖത്തറിലേയ്ക്ക് പോകുകയായിരുന്ന മറ്റൊരു ബെൽജിയം ചരക്ക് വിമാനത്തിനും ഇടിമിന്നലേറ്റു. ബ്രസൽസ് റിംഗ് റോഡിലെ ഒരു കാറിൽ നിന്നുള്ള ഡാഷ്‌ക്യാം ഫൂട്ടേജിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിമാനത്തിൽ മിന്നലടിക്കുന്ന സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ഹീത്രൂ വിമാനത്താവളത്തിന് സമീപം എത്തിയപ്പോൾ മിന്നലേറ്റിരുന്നു. BA919 വിമാനത്തിനാണ് മിന്നലേറ്റത്. ഇതേ തുടർന്ന് വിമാനം വഴി തിരിച്ചുവിടേണ്ടി വന്നിരുന്നു.
READ MORE: ക്രിസ്മസ് നിറവിൽ ലോകം; സംസ്ഥാനവും വിപുലമായ ആഘോഷങ്ങള്‍
