ഒമാനിലെ ധോഫാർ മേഖലയിൽ നിന്ന് ഖനനം ചെയ്യുന്ന ഉയർന്ന ഗുണമേന്മയുള്ള ചുണ്ണാമ്പുകല്ല് ഇന്ത്യൻ വ്യവസായങ്ങളുടെ ഒരു പ്രധാന അസംസ്കൃത വസ്തുവാണ്. സിമന്റ്, സ്റ്റീൽ, ഗ്ലാസ് തുടങ്ങിയ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ ഈ വെള്ളക്കല്ല് സലാല തുറമുഖം വഴി വൻതോതിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നു. 

കാഴ്ച്ചയിൽ വെറും കല്ലുകളാണെങ്കിലും ഇന്ത്യൻ വ്യവസായത്തിന്റെ നട്ടെല്ലാണ് ഒമാൻ ധോഫാറിലെ വെള്ളക്കല്ല്, അഥവാ ചുണ്ണാമ്പുകല്ല്. സലാല തുറമുഖത്ത് നിന്ന് ദിവസേന പുറപ്പെടുന്ന കപ്പലുകളിൽ ഈ കല്ലുണ്ടാകും. ഇന്ത്യയിലെ സിമന്റ്, സ്റ്റീൽ, ഗ്ലാസ്, രാസവസ്തു വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുവാണിത്. ധോഫാറിലെ ജബൽ ഖറ, ജബൽ സമ്ഹാൻ, മുഗ്സൈൽ പ്രദേശങ്ങളിലെ വിശാലമായ മലനിരകൾ ഈ വലിയ സമ്പത്ത് അഭിമാനത്തോടെ പ്രദർശിപ്പിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉയർന്ന ഗുണനിലവാരമുള്ള ചുണ്ണാമ്പുകല്ല് നിക്ഷേപങ്ങൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇന്ന് ഒമാന്റെ ഏറ്റവും വിലമതിക്കുന്ന പ്രകൃതി വിഭവങ്ങളിലൊന്നാണ്. പ്രതിവർഷം ലക്ഷക്കണക്കിന് ടൺ ചുണ്ണാമ്പുകല്ലാണ് ഇവിടെ നിന്ന് ഖനനം ചെയ്യുന്നത്. അതിൽ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഏകദേശം 510 കോടി കിലോഗ്രാം ചുണ്ണാമ്പുകല്ലാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയിലെ സിമന്റ് നിർമാണ കമ്പനികൾ, സ്റ്റീൽ പ്ലാന്റുകൾ, ഗ്ലാസ് നിർമ്മാണ യൂണിറ്റുകൾ, കെമിക്കൽ വ്യവസായങ്ങൾ എന്നിവയാണ് ഒമാനിൽ നിന്നുള്ള ഈ ഉയർന്ന ഗുണനിലവാരമുള്ള ലൈംസ്റ്റോണിന്റെ പ്രധാന ഉപഭോക്താക്കൾ. 

കുറഞ്ഞ സിലിക്കയും ഉയർന്ന കാൽസ്യം കാർബണേറ്റ് അംശവുമാണ് ധോഫാർ ലൈംസ്റ്റോണിന്റെ ഏറ്റവും വലിയ പ്രത്യേകത. സലാല തുറമുഖം വഴിയാണ് കയറ്റുമതി. എണ്ണയെ ആശ്രയിച്ചിരുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഖനനമേഖലയിലേക്കും വ്യവസായമേഖലയിലേക്കും ചുവടുമാറാനുള്ള ഒമാന്റെ ശ്രമങ്ങൾക്ക് ധോഫാറിലെ ചുണ്ണാമ്പുകല്ല് വ്യവസായം വലിയ കരുത്താണ്. സലാലയിൽ നിന്ന് ഇന്ത്യയിലേക്ക് നീങ്ങുന്ന ഓരോ കപ്പലും, രണ്ട് രാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധത്തിന്റെ ശക്തമായ പ്രതീകമായി മാറുകയാണ്.