യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കാനും കീവിന്റെ സൈന്യത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനും യുഎസ് തയ്യാറാക്കിയ കരടിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കീവ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രഡിഡന്‍റെ ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈൻ. യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുടെ 28 പോയിന്‍റ് കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി എൻബിസി റിപ്പോർട്ട് ചെയ്തിരുന്നു. കരാറിൽ തീരുമാനമായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടൽ. എന്നാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ൻ രംഗത്തെത്തിയതോടെ ട്രംപിന്‍റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. 

ട്രംപിന്റെ പ്രതിനിധികൾ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ൻ പറയുന്നത്. യുക്രെയ്നുമായി സംസാരിക്കാതെ, റഷ്യയുടെ താൽപ്പര്യമനുസരിച്ചുള്ള ഡ‍ീലാണ് യുഎസ് തയാറാക്കിയത് എന്നാണ് യുക്രൈൻ വിദേശകാര്യ പാർലമെന്ററി കമ്മിറ്റി ചെയർമാൻ ഒലക്സാൻഡർ മെറേഷ്കോ തുറന്നടിച്ചത്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കാനും കീവിന്റെ സൈന്യത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനും യുഎസ് തയ്യാറാക്കിയ കരടിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കരട് അംഗീകരിച്ചാൽ ഡോൺബാസ് യുക്രെയ്ൻ റഷ്യക്ക് വിട്ടുകൊടുക്കേണ്ടി വരും. 2022ൽ യുദ്ധം തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും ഇതുവരെ സൈനിക നീക്കത്തിലൂടെ റഷ്യയ്ക്ക് പിടിച്ചടക്കാൻ പറ്റാത്ത തന്ത്രപ്രധാന മേഖലയാണ് ഡോൺബാസ്. എന്നാൽ യുക്രെയ്ന്റെ ഒരിഞ്ച് പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും വ്യക്തമാക്കി. ഇതോടെ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ ഡീലിന് തിരിച്ചടിയായിരിക്കുകയാണ്. 

യുക്രെയ്ൻ സൈനികശക്തി 50 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കണം, യുക്രൈന്‍റെ പക്കലുള്ള റഷ്യയുടെ ഉൾപ്രദേശങ്ങളിലേക്ക് കടന്നുചെല്ലാൻ ശേഷിയുള്ള മിസൈലുകൾ നശിപ്പിക്കണം, റഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം, റഷ്യൻ ഓർത്തഡോക്സ് ചർച്ചിന് അംഗീകാരം നൽകുക, യുക്രെയ്ന്റെ മണ്ണിൽ വിദേശ സൈന്യത്തെ അംഗീകരിക്കില്ല എന്നിവയാണ് മറ്റ് നിബന്ധനകൾ. റഷ്യക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കാനും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ പലതും ഉൾപ്പെടുന്ന ഗ്രൂപ്പ് ഓഫ് എയിറ്റിലേക്ക് (G8) റഷ്യയെ തിരികെ കൊണ്ടുവരാനും ഡീലിലെ ഉപാധികൾ വഴിയൊരുക്കും.

എന്നാൽ ഈ ഡീൽ അംഗീകരിക്കില്ലെന്നും, പുടിന് വേണ്ടി തയ്യാറാക്കിയ കരാർ ആണിതെന്നുമാണ് യുക്രൈൻ ആരോപിക്കുന്നത്. യുക്രൈനെ സഖ്യകക്ഷികളുമായി അകറ്റി, ഒറ്റപ്പെടുത്താനുള്ള റഷ്യൻ തന്ത്രത്തിന് ട്രംപ് കൂട്ടു നിൽക്കുകയാണെന്നും, പുടിന്‍റെ ഉപദേശകൻ ദിമിത്രിയേവിന്റെ നേതൃത്വത്തിലാണ് ഈ ഡീൽ ഉണ്ടാക്കിയതെന്നും യുക്രൈൻ ആരോപിച്ചു. സമാധാന പദ്ധതിയിലെ നിബന്ധനകൾ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ട്രംപുമായി സെലൻസ്കി ഉടൻ സംസാരിക്കുമെന്ന് സൂചനകളുണ്ട്.