പ്രസിഡന്റ് ക്ലിന്റണുമായുള്ള ബന്ധം മോണിക്ക ഫോണിലൂടെ പറഞ്ഞത് ലിന്‍ഡ റെക്കോര്‍ഡ് ചെയ്തു. ഫോണ്‍ റെക്കോര്‍ഡ് അഭിഭാഷകനായ കെന്നത്ത് സ്റ്റാറിന് കൈമാറിയതോടെ പുറംലോകമറിഞ്ഞു.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ ഇംപീച്ച് നടപടികളിലേക്ക് നയിച്ച മോണിക്ക ലെവിന്‍സ്‌കി ബന്ധം പുറത്തറിയിച്ച പെന്റഗണിലെ ഉദ്യോഗസ്ഥയായ ലിന്‍ഡ ട്രിപ് (70) അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ കൊളംബിയയില്‍ വെച്ചായിരുന്നു അന്ത്യം. 1998ല്‍ അമേരിക്കയെ ഞെട്ടിച്ച ബില്‍ ക്ലിന്റണ്‍-മോണിക്ക വിവാദത്തിലെ വിവാദ വ്യക്തിയായിരുന്നു ലിന്‍ഡ. ക്ലിന്റനെ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നയിച്ച പ്രധാന തെളിവായ ഫോണ്‍ റെക്കോര്‍ഡുകള്‍ ലിന്‍ഡയാണ് അന്വേഷണ കമ്മീഷന് കൈകാറിയത്.
വൈറ്റ്ഹൗസിലെ ഇന്റേണിയായിരുന്നു മോണിക്ക ലെവിന്‍സ്‌കി. ഈ സമയം, ലിന്‍ഡിയും വൈറ്റ്ഹൗസില്‍ ഉദ്യോഗസ്ഥയായിരുന്നു. ലിന്‍ഡ പിന്നീട് പെന്റഗണ്‍ ഹൗസിലേക്ക് മാറി. ലിന്‍ഡയും മോണിക്കയും നല്ല സൗഹൃദത്തിലായിരുന്നു. പ്രസിഡന്റ് ക്ലിന്റണുമായുള്ള ബന്ധം മോണിക്ക ഫോണിലൂടെ പറഞ്ഞത് ലിന്‍ഡ റെക്കോര്‍ഡ് ചെയ്തു. ഫോണ്‍ റെക്കോര്‍ഡ് അഭിഭാഷകനായ കെന്നത്ത് സ്റ്റാറിന് കൈമാറിയതോടെ പുറംലോകമറിഞ്ഞു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ ധരിച്ചിരുന്ന നീല വസ്ത്രം താന്‍ കഴുകാതെ സൂക്ഷിച്ചിരിക്കുകയാണെന്നും മോണിക്ക ഫോണിലൂടെ പറഞ്ഞിരുന്നു. അന്വേഷണം സംഘം പിന്നീട് ഈ വസ്ത്രം കണ്ടെടുത്തത് പ്രധാന തെളിവായി. തുടര്‍ന്നാണ് ക്ലിന്റണ്‍ വിഷയത്തില്‍ പ്രതികരിച്ചത്.
ഇംപീച്ച് ബില്‍ സെനറ്റില്‍ പരാജയപ്പെട്ടു. തന്റെ പ്രസിഡന്റ് പദവിയുടെ അവസാന ദിനം ക്ലിന്റന്‍ ലിന്‍ഡയെ പെന്റഗണ്‍ ഹൗസില്‍ നിന്ന് പുറത്താക്കി.
