ചൈനയിൽ വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച നയതന്ത്ര വിദഗ്ദ്ധൻ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്
ബീജിങ്: ചൈനയിൽ ഭാവി വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നയതന്ത്ര വിദഗ്‌ധൻ ലി ജിയാൻഷോ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുവരെ ചൈന ഈ വാർത്തയോട് പ്രതികരിച്ചിട്ടുമില്ല. വിദേശ സന്ദർശതനത്തിന് ശേഷം ജൂലൈ അവസാനത്തോടെ ചൈനയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ലിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
വിഷയത്തിൽ ചൈനീസ് സ്റ്റേറ്റ് കൗൺസിൽ ഇൻഫർമേഷൻ ഓഫീസോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലൈസൺ വകുപ്പോ ഇതുവരെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. വിദേശരാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികളുമായി സൗഹൃദം ശക്തിപ്പെടുത്താനുള്ള ചുമതലയുണ്ടായിരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കൂടിയാണ് 61കാരനാ ലി ജിയാൻഷോ. 2022 ൽ ഈ പദവിയിലെത്തിയ ശേഷം 20 ഓളം രാജ്യങ്ങൾ ഇദ്ദേഹം സന്ദർശിക്കുകയും 160 ഓളം രാജ്യങ്ങളിലെ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്‌തിരുന്നു.
അടിക്കടിയുള്ള വിദേശ സന്ദർശനങ്ങളും അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്‌ചകളുമാണ് ചൈനീയുടെ അടുത്ത വിദേശകാര്യ മന്ത്രിയാണ് ഇദ്ദേഹമെന്ന പ്രതീതിയുണ്ടാക്കിയത്. വിദേശകാര്യ മന്ത്രി പദവിയിലേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇദ്ദേഹത്തെ വളർത്തിക്കൊണ്ടുവരികയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കാരണം എന്താണെന്ന് പോലും വ്യക്തമാകാതെയുള്ള കസ്റ്റഡി.
ഇതിന് മുൻപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിൻ്റെ വിശ്വസ്‌തനും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന കിൻ ഗാങിനെതിരെയാണ് 2023 ൽ അന്വേഷണം നടന്നത്. വിവാഹ പൂർവ ബന്ധത്തിൻ്റെ പേരിലെ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇദ്ദേഹത്തിന് വിദേശകാര്യ മന്ത്രി പദവിയും നഷ്‌ടമായിരുന്നു.
ഇപ്പോൾ കസ്റ്റഡിയിലുള്ള ലി ജിയാൻഷോ ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിൻ സ്വദേശിയാണ്. ബീജിങ് ഫോറിൻ സ്റ്റഡീസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ ശേഷം ഓക്‌സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദവും ഇദ്ദേഹം കരസ്ഥമാക്കി. തുടക്കത്തിൽ ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിൽ വിവർത്തകനായാണ് ജോലിക്ക് കയറിയത്. പിന്നീട് ബ്രിട്ടനിലെ ചൈനീസ് നയതന്ത്ര സംഘത്തിൻ്റെ ഭാഗമായ ഇദ്ദേഹം ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും അംബാസഡറായും പ്രവർത്തിച്ചു. ചൈനീസ് താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വിഷയങ്ങൾ സരസമായി അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആളുമാണ് ഇദ്ദേഹം. ഉയർന്ന പദവിയിലേക്ക് ഉടനെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് നീഗൂഢമായ നീക്കത്തിലൂടെ ചൈനീസ് ഭരണകൂടം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

