ഫ്രാൻസിൽ ആഭ്യന്തര പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഗൾഫ് പര്യടനം നടത്തി
പാരീസ്: രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഗൾഫ് പര്യടനത്തിലൂടെ വമ്പൻ കരാറുകളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. യുദ്ധം കാരണം ഊർജ്ജ മേഖല പ്രതിസന്ധി നേരിടുമ്പോൾ, തടസ്സമില്ലാത്ത ഊർജ്ജ വിതരണം ഉറപ്പാക്കാനുള്ള കരാറുകൾക്കാണ് പ്രധാന ഊന്നൽ. യുഎഇ എണ്ണക്കമ്പനികളുമായി വിവിധ കരാറുകൾക്ക് പുറമെ ബഹ്റൈനുമായി ആണവോർജ്ജ മേഖലയിലും കരാറൊപ്പിട്ടു.
ആക്രമണങ്ങൾ കാരണവും കപ്പൽപ്പാതകൾ സ്തഭിച്ചും ആകെ താറുമാറായ ഊർജ്ജ മേഖല. ലോകമാകെ ഉയരുന്ന വിലക്കയറ്റം. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഗൾഫ് പര്യടനം ശ്രദ്ധേയമാവുന്നത്. അതും സ്വന്തം രാജ്യത്ത് പ്രക്ഷോഭം പടരുമ്പോൾ. എണ്ണയുപ്പാദനം കൂടുതൽ കാര്യക്ഷമമാക്കാൻ യുഎഇയുടെ അഡ്നോക്കുമായി ഫ്രാൻസിന്റെ ഷ്നീഡർ ഇലക്ട്രിക്ക് കരാറൊപ്പിട്ടു. നിലവിലെ ഊർജ്ജ സംവിധാനങ്ങളുടെയും എണ്ണയുൽപ്പാദനത്തിന്റെയും പ്രകടനം മെച്ചപ്പെടുത്തലാണ് ലക്ഷ്യം. വിമാന ഇന്ധന ലഭ്യത സുസ്ഥിരമാക്കാനും റിഫൈനിങ് ശേഷി ഉയർത്താനും അഡ്നോക് റിഫൈനിങ്ങും ഫ്രാൻസിന്റെ ടെക്നിപ് എനർജീസും മറ്റൊരു കരാറിലും എത്തി. ലോകത്തെ കലുഷിതമായ അന്തരീക്ഷത്തിൽ ഊർജ്ജ വിതരണം മുടങ്ങാതിരിക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ അടിവരയിടുകയും ചെയ്തു.
ഊർജ്ജാവശ്യങ്ങൾക്കുള്ള ആണവ സഹകരണം ശക്തമാക്കാൻ കരാർ ബഹ്റൈനുമായും ഒപ്പിട്ടു. നേരത്തെ, ഹോർമൂസിൽ കപ്പലുകൾക്ക് സുരക്ഷ നൽകാൻ പടക്കപ്പൽ അയക്കാനും ഫ്രാൻസ് ഒരുങ്ങിയിരുന്നു.